
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് 8 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
കനത്തമഴയെ തുടർന്ന് ഡാമുകളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മലമ്പുഴ ഡാം പരമാവധി ജലനിരപ്പായ 115.06 മീറ്ററിലേക്ക് ഉടൻ എത്തും. 2018ന് ശേഷം ആദ്യമായിട്ടാണ് മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധി നിലയിലേക്ക് എത്തുന്നത്. പരമാവധി ജലനിരപ്പിൽ എത്തിയാൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചരികളുടെ പ്രവേശനത്തിലും നിയന്ത്രണം ഏർപ്പെടുത്തും.