
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. 16 സ്ഥാനാർത്ഥികളെയാണ് ഇത്തവണ പ്രഖ്യാപിച്ചത്. കോൺഗ്രസിൽ ചേർന്ന മുൻ ആം ആദ്മി പാർട്ടി എംഎൽഎ ധരം പാൽ ലക്ഡയുടെ പേരും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. മുണ്ട്കയിൽ നിന്നായിരിക്കും ധരം പാൽ ലക്ഡ മത്സരിക്കുക. മുൻ കേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത് പട്ടേൽ നഗറിൽ മത്സരിക്കും. അതേസമയം ഗോകൽപൂരിലെ സ്ഥാനാർഥിയെ കോൺഗ്രസ് മാറ്റി. പ്രമോദ് ജയന്തിനെയാണ് മാറ്റിയത്. നിലവിൽ ഈശ്വർ ബഗ്രിയാണ് ഗോകൽപൂരിലെ സ്ഥാനാർത്ഥി.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള എഴുപത് സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. പത്രികകളുടെ സൂക്ഷപരിശോധന ജനുവരി 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. ഉത്തർപ്രദേശിലെ മിൽക്കിപ്പൂർ, തമിഴ്‌നാട്ടിലെ ഈറോഡ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 5ന് നടക്കും.
ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുക. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 62ലും എഎപിക്കായിരുന്നു വിജയം. ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വെവ്വേറെയാണ് മത്സരിക്കുന്നത്.