ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

സോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യുൻ സുക് യോളിനെ കസ്റ്റഡിയിലെടുക്കാനും അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും തിരച്ചിൽ നടത്താനും കോടതി വാറന്റ് പുറത്തിറക്കിയിരുന്നു. സോൾ വെസ്റ്റേൺ ഡിസ്ട്രിക്ട് കോടതിയാണ് വാറന്റിറക്കിയത്. പട്ടാള നിയമപ്രഖ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അഴിമതിവിരുദ്ധ ഏജൻസി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

അതേസമയം, അറസ്റ്റ് ചെയ്യാൻ വസതിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെ ഓഫീസിൽ ഹാജരാകാൻ യൂൻ സമ്മതിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അന്വേഷണത്തിന്റെ നിയമസാധുത അദ്ദേഹം അംഗീകരിക്കുന്നില്ലെന്നും എന്നാൽ രക്തച്ചൊരിച്ചിൽ തടയാനായാണ് അതനുസരിച്ചതെന്നും നേരത്തേ ചിത്രീകരിച്ച ഒരു വീഡിയോയിൽ യുൻ സുക് യോൾ പറഞ്ഞു. തടങ്കലിൽ വെച്ചതിനെ തുടർന്ന് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

നിലവിലെ അറസ്റ്റ് പ്രകാരം 48 മണിക്കൂർ പ്രസിഡന്റിനെ കസ്റ്റഡിയിൽവെക്കാം. അത് നീട്ടണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ പുതിയ വാറന്റിനായി അപേക്ഷിക്കണം. ഡിസംബർ 14-ന് നടന്ന ഇംപീച്ച്‌മെന്റ് വോട്ടെടുപ്പിനെ തുടർന്ന് യോളിന്റെ അധികാരങ്ങൾ താത്കാലികമായി റദ്ദാക്കിയിരുന്നു.

യുൻ സുക് യോളിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നേരത്തേയും ശ്രമം നടത്തിയിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക കാരണം സുരക്ഷാ ജീവനക്കാർ അന്വേഷണോദ്യോഗസ്ഥരെ തടയുകയാണുണ്ടായത്. പ്രസിഡന്റിന്റെ വസതിയിൽ മണിക്കൂറോളം നീണ്ട തർക്കത്തിനൊടുവിൽ യുൻ സുക് യോളിനെ അറസ്റ്റ് ചെയ്യാനാകാതെ ഉദ്യോഗസ്ഥർ മടങ്ങിയ സ്ഥിതിയും ഉണ്ടായിരുന്നു. യോൾ അനുകൂല പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പ്രതിഷേധമിരിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന യോളിനെ അറസ്റ്റുചെയ്യാനും തലസ്ഥാനത്തെ അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും തിരച്ചിൽ നടത്താനുമായാണ് സോളിലെ ഒരു കോടതി നേരത്തെ അറസ്റ്റ് വാറന്റിറക്കിയിയത്. കലാപശ്രമത്തിനാണ് യോളിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണിത്.

കഴിഞ്ഞദിവസം ഇംപീച്ച് ചെയ്യപ്പെട്ടെങ്കിലും ഭരണഘടനാ കോടതിയുടെ തീരുമാനം കാത്തിരിക്കുന്ന യോൾ പദവിയിൽ തുടരുന്നതിനിടെയാണ് ഇപ്പോഴത്തെ അറസ്റ്റ്. തുടർച്ചയായ കലാപങ്ങൾ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂൻ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. 300 എംപിമാരിൽ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് 204 പേർ വോട്ട് ചെയ്തപ്പോൾ 85 പേർ എതിർത്തു. മൂന്ന് എംപിമാർ വിട്ടുനിന്നപ്പോൾ എട്ടു വോട്ടുകൾ അസാധുവായി.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

Leave a Reply

Your email address will not be published. Required fields are marked *