​ഗാസയിൽ 42 ദിവസത്തെ വെടിനിർത്തലിന് ധാരണ; കരാർ അം​ഗീകരിച്ച് ഇസ്രയേലും ഹമാസും

ജറൂസലേം: ​​ഗാസയിൽ കഴിഞ്ഞ 15 മാസമായി നടക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് താൽകാലിക വിരാമം. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായെന്ന് സമാധാന ശ്രമങ്ങളിലെ പ്രധാന മധ്യസ്ഥരായ ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽത്താനി സ്ഥിരീകരിച്ചു. വെടിനിർത്തൽ കരാർ ഞായറാഴ്ച നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.

യു.എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടത്തിയ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ സാധ്യമാകുന്നത്. യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ അഞ്ചുദിവസംമാത്രം ബാക്കിയുള്ളപ്പോഴാണിത്. വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചു. ഇസ്രയേൽ മന്ത്രിസഭയിൽ ഇതിനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ചയോടെ പൂർത്തിയാകുമെന്ന് കരുതുന്നു. അതേസമയം, കരാറിലെ ചില നിർദേശങ്ങളിൽ അന്തിമ സമവായത്തിലെത്തിയിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ബുധനാഴ്ച രാത്രി അറിയിച്ചു.

ഗാസ ജനതയുടെ ധീരതയുടെ വിജയമാണിതെന്നു ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഗാസയിലെങ്ങും ജനം ആഹ്ലാദപ്രകടനം നടത്തി.

ഗാസ–ഈജിപ്ത് അതിർത്തിയിലെ ഫിലഡൽഫിയ ഇടനാഴിയിൽ സൈന്യം തുടരുമെന്ന ഇസ്രയേൽ നിലപാടിനെ ഹമാസ് എതിർത്തത് ചർച്ചകൾക്കു തടസ്സം സൃഷ്ടിച്ചിരുന്നു. ഇരുപക്ഷവുമായി ഖത്തർ പ്രധാനമന്ത്രി വെവ്വേറെ നടത്തിയ അവസാനഘട്ട ചർച്ചകളിലാണു ധാരണയായത്. വെടിനിർത്തലിന്റെ ആദ്യഘട്ടത്തിൽ ഇവിടെ ഇസ്രയേൽ സൈനികസാന്നിധ്യം കുറച്ചുകൊണ്ടുവരാൻ ധാരണയായി.

42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തിൽ, ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെ വിട്ടയയ്ക്കും. ഗാസയിലെ ജനവാസമേഖലകളിൽനിന്നു ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്യും. ആദ്യഘട്ടം തീരുംമുൻപുതന്നെ രണ്ടാംഘട്ടത്തിനുള്ള ചർച്ച ആരംഭിക്കും.

2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി 1139 പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം തുടങ്ങിയത്. ബന്ദികളിൽ 105 പേരെ 2023 നവംബറിൽ നിലവിൽവന്ന വെടിനിർത്തൽസമയത്ത് മോചിപ്പിച്ചിരുന്നു. പകരമായി ഇസ്രയേലിൽ തടവിലുണ്ടായിരുന്ന 240 പലസ്തീൻകാരെ മോചിപ്പിച്ചിരുന്നു. ബന്ദികളിൽ 94 പേരെ ഇനിയും വിട്ടുകിട്ടാനുണ്ട് അവരിൽ മുപ്പതിലേറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഇസ്രയേൽ പറയുന്നത്. അതിനിടെ, 24 മണിക്കൂറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 62 പേർ കൊല്ലപ്പെട്ടതോടെ ആകെ മരണം 46,707 ആയി. 1,10,265 പേർക്കു പരുക്കേറ്റു.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

Leave a Reply

Your email address will not be published. Required fields are marked *