
ന്യൂയോർക്ക്: ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും വിഷയത്തിൽ പ്രതികരണവുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പുതിയ പരാമർശം. ഗാസയിൽ നിന്ന് മാറ്റിപ്പാർപ്പിക്കുന്ന പലസ്തീനികൾക്ക് അറബ് രാജ്യങ്ങളിൽ മികച്ച പാർപ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു.
ഇന്ന് പ്രസിഡൻറ് ട്രംപ് ജോർഡൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പലസ്തീനികളെ മാറ്റിപാർപ്പിക്കാൻ ട്രംപ് ആവശ്യപ്പെടും. പലസ്തീനികൾക്കായി സ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും ഗാസയെ ഏറ്റെടുക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. അറബ് രാജ്യങ്ങളിൽ മികച്ച താമസ സൗകര്യമൊരുക്കിയാൽ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഗാസ ഏറ്റെടുക്കുമെന്ന മുൻ പരാമർശത്തിൽ ആഗോളതലത്തിൽ തന്നെ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും ഇക്കാര്യത്തിൽ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്. പലസ്തീനിലെ ഭൂമി വിൽപ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ഹമാസിൻറെ മറുപടി. അതേസമയം, ട്രംപിൻറെ പ്രഖ്യാപനത്തെ ഇസ്രായേൽ പ്രസിഡൻറ് ബെഞ്ചമിൻ നെതന്യാഹു പിന്തുണച്ചിരുന്നു. ഗാസയിലെ ജനവാസ മേഖലയിൽ സൈനിക നീക്കം ആഗോള നിയമ പ്രകാരം തടഞ്ഞിട്ടുള്ളതാണെന്നാണ് യുഎൻ മുന്നറിയിപ്പ് നൽകിയത്. ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്ന് ആഴ്ചകൾ പിന്നിടുമ്പോഴാണ് ട്രംപിൻറെ പ്രസ്താവന.
ഇതിനിടെ, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഏർപ്പെടുത്തി. 25 ശതമാനം തീരുവ ഈടാക്കാനുള്ള ഉത്തരവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പ് വെച്ചു. അമേരിക്കൻ സ്റ്റീൽ വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടിയെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു. കാനഡ, മെക്സിക്കോ, ചൈന അടക്കം എല്ലാ രാജ്യങ്ങൾക്കും ഇത് ബാധകമാകും.