
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലർച്ചെ 5.30 നാണ് ഡൽഹിയിൽ ഭൂചലനമനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ തുറസായ സ്ഥലത്തേക്ക് മാറി. നിലവിൽ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയിലുടനീളം തുടർ പ്രകമ്പനം ഉണ്ടായെന്നു നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
ഡൽഹിയിൽ 5 കിലോമീറ്റർ ആഴത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജനുവരി 23ന്, ചൈനയിലെ സിൻജിയാങ്ങിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ഡൽഹി-എൻസിആറിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അതിനു രണ്ടാഴ്ച മുൻപ്, അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഡൽഹിയിൽ പ്രകമ്പനമുണ്ടാക്കി. ഭൂചലന സാധ്യതയേറിയ പ്രദേശമാണു ഡൽഹി.