
ന്യൂഡൽഹി: റെയിൽവേ സേവനങ്ങൾ എല്ലാം ഇനി ഒരു ആപ്പിൽ ലഭിക്കും. പുതിയ ആപ്പ് ഡിസംബർ അവസാനത്തോടെ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ തീവണ്ടിയാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്ഫോം പാസെടുക്കൽ തുടങ്ങി യാത്രാവേളയിലെ എല്ലാ സേവനങ്ങളും ഒരു ആപ്പിലൂടെ തന്നെ ലഭിക്കും.
ഐ.ആർ.സി.ടി.സി.യുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ മൊബൈൽ ആപ്പ് തയ്യാറാക്കുക. നിലവിൽ റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി വെവ്വേറെ ആപ്പുകളും വെബ്സൈറ്റുകളുമാണുള്ളത്. ടിക്കറ്റ് റിസർവേഷനുവേണ്ടി നിലവിലുള്ള ഐ.ആർ.സി.ടി.സി റെയിൽ കണക്ട് ആപ്പാണ് ഏറ്റവും പ്രചാരത്തിൽ.
2023-24-ൽ മാത്രം ഐ.ആർ.സി.ടി.സി.യുടെ മൊത്തം ലാഭം 1111.26 കോടിരൂപയാണ്. മൊത്തം വരുമാനം 4270.18 കോടിയും. വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിലൂടെ നേടിയതാണ്.