
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് ഒറ്റയടിക്ക് 840 രൂപ വർധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോർഡ് ഭേദിച്ചത്. നിലവിൽ 66,720 രൂപയായി ഉയർന്നാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് കൂടിയത്. 8340 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
20ന് 66,480 രൂപയായി ഉയർന്നതിന് പിന്നാലെ അടുത്ത ദിവസങ്ങളിൽ സ്വർണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം ബുധനാഴ്ച മുതലാണ് സ്വർണവില തിരിച്ചുകയറാൻ തുടങ്ങിയത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.
18നാണ് സ്വർണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങൾക്കകം 64,000 കടന്ന് സ്വർണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.