
ജമ്‌നഗർ: ഗുജറാത്തിലെ ജാമ്‌നഗറിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
സുവാർദ ഗ്രാമത്തിലെ തുറന്ന പ്രദേശത്ത് ജാഗ്വർ യുദ്ധവിമാനം തകർന്നുവീഴുകയായിരുന്നു. ജാമ്‌നഗർ നഗരത്തിൽനിന്ന് 12 കിലോമീറ്റർ ദൂരത്താണ് ഈ പ്രദേശം. തകർന്നുവീണതിന് പിന്നാലെ വിമാനത്തിന് തീപ്പിടിച്ചു.
ഒരു പൈലറ്റ് മരണപ്പെട്ടെന്നും മറ്റൊരാൾ ചികിത്സയിൽ തുടരുകയാണെന്നും വ്യോമസേന അറിയിച്ചു. പൈലറ്റിന് സാങ്കേതികതകരാർ അഭിമുഖീകരിക്കേണ്ടിവന്നതായും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന പറഞ്ഞു.
കഴിഞ്ഞമാസം ഹരിയാണയിലെ പഞ്ച്കുല ജില്ലയിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണിരുന്നു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി അംബാല വ്യോമത്താവളത്തിൽ നിന്ന് പറന്നുയർന്ന ജാഗ്വർ യുദ്ധവിമാനമാണ് തകർന്നത്.