
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടടുണ്ടെങ്കിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റും മഴയ്ക്ക് കാരണമാണ്. കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ മുതൽ രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ഉണ്ട്. മലയോര മേഖലകളിലുള്ളവരും തീരദേശ മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.