
തിരുവനന്തപുരം: സംസ്ഥാനത്ത് സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണവില മുന്നേറുന്നു. സ്വർണവില 70,000ലേക്കാണ് കുതിക്കുന്നത്. ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 69,960 രൂപയായി ഉയർന്നു. ഗ്രാമിന് 185 രൂപയാണ് വർധിച്ചത്. 8745 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ സ്വർണവിലയിൽ ഒറ്റയടിക്ക് 2160 രൂപയാണ് വർധിച്ചത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം തേടി ആളുകൾ കൂടുതലായി സ്വർണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാൻ കാരണം.
തുടർച്ചയായ അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷമാണ് സ്വർണവിലയിൽ തുടർച്ചയായി വർധനവുണ്ടാകുന്നത്. 18നാണ് സ്വർണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്.