ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; 26 പേർ കൊല്ലപ്പെട്ടു

ശ്രീനഗർ ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി വിവരം. അതേസമയം മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ പുറപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കാനും പ്രധാനമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു.

ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ‘‘കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ തിരിച്ചടി നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോൺഫറൻസിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ഏജൻസികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താൻ ഉടൻ ഞാൻ ശ്രീനഗറിലേക്ക് പോകും.’’ – അമിത് ഷാ അറിയിച്ചു.

അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്കു അടുത്തു വന്ന് വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്.‍ പരുക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതർ മേഖലയിലേക്ക് ഹെലികോപ്റ്റർ അയച്ചിട്ടുണ്ട്. അതേസമയം, ആക്രമണം നടത്തിയത് ചില പാകിസ്ഥാൻ ഭീകരരാണെന്ന് ബിജെപി നേതാവ് രവീന്ദർ റെയ്‌ന പറഞ്ഞു. പഹൽഗാമം ഭീകരാക്രമണത്തിൽ അപലപിച്ച് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തെത്തി.

കഴിഞ്ഞവർഷം ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗാംഗീറിൽ ഭീകരവാദികൾ നടത്തിയ വെടിവയ്പ്പിൽ 7 പേർ കൊല്ലപ്പെട്ടിരുന്നു. ഒരു ഡോക്ടറും ആറ് നിർമ്മാണ തൊഴിലാളികളുമാണ് അന്ന് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിർമ്മാണത്തിലിരുന്ന ഒരു തുരങ്കത്തിൽ ജോലി ചെയ്തിരുന്ന ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പാണ് ഭീകരർ ആക്രമിച്ചത്.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *