റഷ്യൻ വ്യോമതാവളങ്ങൾക്കുനേരെ വൻ ഡ്രോണാക്രമണവുമായി യുക്രൈൻ; 40 യുദ്ധവിമാനങ്ങൾ തകർത്തതായി റിപ്പോർട്ട്

മോസ്‌ക്കോ: റഷ്യൻ വ്യോമതാവളങ്ങൾക്കുനേരെ യുക്രൈന്റെ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളിൽ യുക്രൈൻ കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. നാൽപ്പതോളം റഷ്യൻ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രൈൻ അവകാശപ്പെട്ടു. ഞായറാഴ്ച യുക്രൈനിലെ സൈനിക പരിശീലനകേന്ദ്രത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുക്രൈൻ ഡ്രോണാക്രമണം നടത്തുന്നത്. റഷ്യയുടെ ആക്രമണത്തിൽ 12 പേർ മരിക്കുകയും അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നാൽപ്പതോളം റഷ്യൻ യുദ്ധവിമാനങ്ങളെ യുക്രൈൻ ആക്രമിച്ചതായാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം യുക്രൈന്റെ ഡ്രോണാക്രമണം റഷ്യയിലെ ഗവർണർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒലെന്യ വ്യോമതാവളത്തിന് സമീപം സ്‌ഫോടനശബ്ദങ്ങൾ കേട്ടതായും കനത്ത പുക ഉയരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ് ഒലെന്യയിലേത്. ബെലായ വ്യോമതാവളവും ആക്രമിക്കപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റഷ്യക്കുനേരെ യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിലൊന്നാണിത്.

റഷ്യയ്ക്കുനേരെ ആക്രമണം നടത്താൻ യുക്രൈൻ മാസങ്ങളോളം ആസൂത്രണം നടത്തിയതായും പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയാണ് ഇതിന്റെ മേൽനോട്ടം വഹിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെക്യൂരിറ്റി സർവീസ് ഓഫ് യുക്രൈൻ(എസ്ബിയു) ആണ് റഷ്യൻ വ്യോമതാവളത്തിലേക്ക് ആക്രമണം നടത്തിയത്. യുക്രൈനിലെ വാർത്താ ഏജൻസിയായ ആർബിസി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, ഏകദേശം 18 മാസത്തോളം എസ്ബിയു ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തിയത്. ട്രക്കുകളുടെ പുറകിൽ വിദഗ്ധമായി ഡ്രോണുകൾ ഒളിപ്പിച്ചുവെക്കുകയായിരുന്നു. റിമോട്ട് കൺട്രോൾഡ് റൂഫ് ഉപയോഗിച്ച് ഡ്രോണുകളെല്ലാം മറച്ചുവെച്ചു. പിന്നാലെ വ്യോമതാവളത്തിനടുത്ത് ട്രക്ക് നിലയുറപ്പിക്കുകയും ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. റഷ്യൻ യുദ്ധ വിമാനങ്ങൾ തിരിച്ചറിയാനായി നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളടക്കം തകർത്തതായാണ് വിവരം. യുക്രൈനിലേക്ക് ദീർഘദൂര മിസൈലുകൾ തൊടുക്കാൻ വിന്യസിച്ചിട്ടുള്ള ടിയു-95, ടിയു-22 സ്ട്രാറ്റെജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് യുക്രൈൻ സുരക്ഷാ ഏജൻസികളുടെ അവകാശവാദം. ടിയു-22 എം3 ക്ക് 40 മില്ല്യൺ ഡോളറും ടിയു-95 വിമാനത്തിന് 30 മില്ല്യൺ ഡോളറുമാണ് വില. അതേസമയം വിമാനങ്ങളെ കൂടാതെ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും യുക്രൈൻ തകർത്തതായും വിവരമുണ്ട്. റഷ്യൻ വ്യോമപ്രതിരോധത്തിലെ നിർണായകശക്തിയാണ് എ-50 പോലുള്ള ഈ സംവിധാനങ്ങൾ. ഏകദേശം 350 മില്ല്യൺ ഡോളർ ചെലവുവരുന്നതാണിത്. ഇതടക്കം തകർക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് റഷ്യക്ക് കനത്ത നാശനഷ്ടം വിതച്ചിട്ടുണ്ടെന്നുറപ്പാണെന്ന് വിദഗ്ദർ പറയുന്നു. അതേസമയം യുക്രൈന്റെ ഡ്രോണാക്രമണം സ്ഥിരീകരിച്ച റഷ്യ ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും അറിയിച്ചിട്ടുണ്ട്.

Related Posts

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

  • world
  • September 10, 2025
യുക്രൈനിലെ പെൻഷൻ വിതരണ കേന്ദ്രത്തിൽ റഷ്യയുടെ മിസൈൽ ആക്രമണം; 23 പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരിക്ക്

കീവ്: യുക്രെയ്നിലെ പെൻഷൻ വിതരണ കേന്ദ്രത്തിനുനേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ യാരോവയിൽ പെൻഷൻ വിതരണം ചെയ്യുന്ന സമയത്താണ് മിസൈൽ ആക്രമണമുണ്ടായത്. നിരപരാധികളായ സാധാരണക്കാരെയാണ് റഷ്യ കൂട്ടക്കുരുതി ചെയ്തതെന്ന് യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *