
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്. മെക്‌സിക്കന്‍ സംസ്ഥാനമായ ഗ്വാനാഹ്വാതോയിലാണ് സംഭവം. ഗ്വാനാഹ്വാതോയിലെ ഈരാപ്വാതോ തെരുവില്‍ നടന്ന ആഘോഷത്തിനിടയ്ക്കാണ് അക്രമി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ക്രിസ്തീയ വിശ്വാസികള്‍ വിശുദ്ധനായി കരുതുന്ന സ്‌നാപകയോഹന്നാന്റെ ഓര്‍മ്മത്തിരുന്നാള്‍ ആചരിക്കുന്നവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തിന്റേതെന്ന് കരുതുന്ന സ്ഥിരീകരിക്കാത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ആക്രമണത്തെ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം അപലപിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
മെക്‌സിക്കോയിലെ ഏറ്റവും അക്രമം നിറഞ്ഞ സംസ്ഥാനമാണ് ഗ്വാനാഹ്വാതോ. ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ഏറ്റുമുട്ടലുകളും കൊണ്ട് കുപ്രസിദ്ധമാണ് ഇവിടം. ഈ വര്‍ഷം ആദ്യത്തെ അഞ്ച് മാസത്തിനിടെ 1435 കൊലപാതകങ്ങളാണ് ഈ സംസ്ഥാനത്ത് നടന്നത്.