
ന്യൂഡല്‍ഹി: ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ അംഗരാജ്യമായ പാകിസ്താനെ വിമര്‍ശിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരേ ഇന്ത്യ വിമര്‍ശനം നടത്തുകയും മറ്റ് അംഗരാജ്യങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂര്‍, പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്ക്കുള്ള മറുപടിയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ തടയുന്നതിനും അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിനുംവേണ്ടി മേയ് ഏഴിന് ഇന്ത്യ ആരംഭിച്ച ആക്രമണ പരമ്പരയാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് രാജ്‌നാഥ് സിങ് ഷാങ്ഹായില്‍ വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചില രാജ്യങ്ങള്‍ നയതന്ത്ര ഉപകരണമായി ഉപയോഗിക്കുകയും ഭീകരവാദികള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നുണ്ട്. അത്തരം ഇരട്ടത്താപ്പുകള്‍ക്ക് ഒരു സ്ഥാനവും ഉണ്ടാകരുത്. അത്തരം രാജ്യങ്ങളെ വിമര്‍ശിക്കാന്‍ എസ്സിഒ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയോട് ഒരു വിട്ടുവീഴ്ചയും കാണിക്കാതിരിക്കാന്‍ ഇന്ത്യ സ്വീകരിച്ച ഒട്ടേറെ നടപടികളെക്കുറിച്ചും രാജ്‌നാഥ് സിങ് എടുത്തുപറഞ്ഞു. ഭീകരതയുടെ പ്രഭവകേന്ദ്രങ്ങള്‍ ഇനി സുരക്ഷിതമല്ലെന്ന് ഞങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും അവരെ ലക്ഷ്യം വെയ്ക്കാന്‍ ഇനിയും മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കള്‍ക്കിടയില്‍ ഭീകരവാദം വ്യാപിക്കുന്നത് തടയാന്‍ മുന്‍കൈയെടുക്കണം. എസ്സിഒയുടെ ആര്‍എടിഎസ് സംവിധാനം ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ജൂണ്‍ 27 വരെ ചൈനയിലെ ക്വിങ്ദാവോയിലാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 2020-ലെ ഗല്‍വാന്‍ താഴ്വര സംഘര്‍ഷത്തിനുശേഷം മോദി മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന മന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്.
ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായി രാജ്നാഥ് സിങ് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. അതിർത്തി സുരക്ഷ, പ്രാദേശിക പ്രതിരോധ സഹകരണം, ഭീകരവിരുദ്ധ സഹകരണം എന്നിവയാണ് യോഗങ്ങളുടെ അജണ്ട. പഹൽഗാം ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് ശേഷമാണ് രാജ്നാഥ് സിങ്ങിന്റെ പരമാർശം.