
ന്യൂഡൽഹി: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ പ്രളയം. സംസ്ഥാനത്ത് തിങ്കളാഴ്ച ഉണ്ടായ മേഘവിസ്ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.
തുടര്‍ച്ചയായി മഴപെയ്തതോടെ സംസ്ഥാനത്ത് പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണും അപകടങ്ങളുണ്ടായി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ 259 റോഡുകള്‍ അടച്ചതായി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, മഴക്കെടുതിയില്‍ ഇതുവരെ 23 പേർ മരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഷിംലയില്‍ തിങ്കളാഴ്ച രാവിലെ അഞ്ചുനിലക്കെട്ടിടം തകര്‍ന്നുവീണു.
ഏറ്റവും കൂടുതല്‍ നാശനഷ്ടനുമുണ്ടായത് മാണ്ഡിയിലാണ്. പ്രദേശത്ത് പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചൊവ്വാഴ്ച നിരവധി പേരെ കാണാതായതാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന്, കുന്നിന്‍പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പാതകളിലുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ഭരണകൂടം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഹിമാചല്‍ പ്രദേശിന് പുറമേ കിഴക്കന്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.