
ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് ടിവികെ(തമിഴക വെട്രി കഴകം)യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. ചെന്നൈയിൽ നടന്ന പാർട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കുമെന്നും സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് യുടെ സംസ്ഥാന പര്യടനം നടത്തുമെന്നും യോഗത്തിൽ അറിയിച്ചു.
ടിവികെ എഐഡിഎംകെ സഖ്യത്തിലേക്കില്ലെന്നും പ്രഖ്യാപിച്ചു. ഇത് കൂടാതെ ബിജെപിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് വിജയ് യുടെ പരസ്യ പ്രഖ്യാപനം. രാഷ്ട്രീയ ലാഭത്തിനായി ബിജെപിയുമായി ചേരാൻ ഞങ്ങൾ ഡിഎംകെയോ എഐഎഡിഎംകെയോ അല്ല. ഇത് ടിവികെ ആണ്. പെരിയാറിനെ അപമാനിക്കുന്നവർക്ക് തമിഴ് മണ്ണിൽ ഇടമില്ലെന്ന് പ്രഖ്യാപിച്ച വിജയ് ബിജെപി ക്ഷണം തള്ളി. വൻ കരഘോഷത്തോടെയാണ് വിജയുടെ പ്രഖ്യാപനത്തെ ജനം എതിരേറ്റത്. ഡിഎംകെയുമായും ഒരിക്കലും കൈ കോർക്കില്ലെന്നും വിജയ് വ്യക്തമാക്കി.
പ്രത്യയശാസ്ത്ര ശത്രുക്കളുമായോ വിഭാഗീയ ശക്തികളുമായോ നേരിട്ടോ അല്ലാതെയോ ഒരിക്കലും സഖ്യം പാടില്ലെന്ന പ്രമേയവും ടിവികെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചു.