
ഷിംല: ഹിമാചല്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു. മഴ മൂലമുണ്ടായ അപകടങ്ങളില്‍ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയര്‍ന്നു. ഇതില്‍ 149 മരണങ്ങള് മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായപ്പോള്‍ 138 ജീവനുകള്‍ റോഡ് അപകടങ്ങളിലാണ് പൊലിഞ്ഞത്. ജൂണ്‍ 20 മുതല്‍ ഓഗസ്റ്റ് 21 വരെയുള്ള കണക്കുകള്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയാണ് (എസ്ഡിഎംഎ) പുറത്തുവിട്ടത്.
കാലവര്‍ഷത്തിന്റെ ഭാഗമായുള്ള കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍, മിന്നല്‍പ്രളയം, മേഘവിസ്ഫോടനം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കനത്തമഴ മൂലം ഹിമാചല്‍പ്രദേശില്‍ ജനജീവിതം താറുമാറായി. 24 മണിക്കൂറിനിടെ ഹിമാചല്പ്രദേശിലുടനീളമുള്ള 338 റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ഡി ജില്ലയിലാണ് ഏറ്റവുമധികം റോഡുകള്‍ അടച്ചിട്ടത്. 165 റോഡുകള്‍ ഇവിടെ ഗതാഗത യോഗ്യമല്ലാതായി. 132 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോമറുകള്‍ (ഡിടിആര്‍), 141 ജലവിതരണ പദ്ധതികള്‍ എന്നിവയുടെ പ്രവര്‍ത്തനവും നിലച്ചു.
വൈദ്യുതി വിതരണ സംവിധാനങ്ങള്‍ ഏറ്റവുമധികം നാശം നേരിട്ടത് കുളുവിലാണ്. മണ്ഡി ജില്ലയിലെ 54 ജലവിതരണ സംവിധാനങ്ങളും നാശം നേരിട്ടു. ഗതാഗത, വൈദ്യുതി, ജലവിതരണ സംവിധാനങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.