
തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് നേരിയതോ/ഇടത്തരമോ ആയ മഴയക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖാപിച്ചിരിക്കുന്നത്.
നവംബർ 14ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും 15ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 16ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തുടങ്ങിയ തീരങ്ങൾക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദവും തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതച്ചുഴിയും സ്ഥിതി ചെയുന്ന സാഹചര്യത്തിലാണ് പ്രവചനം. നവംബർ 13 മുതൽ നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.