
കാഠ്മണ്ഡു: നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം ശക്തം. ഇതോടെ രാജ്യവ്യാപകമായി സൈന്യം കർഫ്യൂ പ്രഖ്യാപിച്ചു. പുതിയസര്‍ക്കാര്‍ ചുമതലയേറ്റെടുക്കുന്നതുവരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതല സൈന്യം ഏറ്റെടുത്തിരുന്നു. നിലവില്‍ രാജ്യത്ത് നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിവരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍വരും. വ്യാഴാഴ്ച രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സംഘര്‍ഷസംഭവങ്ങള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ആയുധധാരികളായ സൈനികര്‍ കാഠ്മണ്ഡുവിന്റെ തെരുവുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് സൈന്യം നിർദേശം നൽകി.
നേപ്പാളില്‍ കലാപം അക്രമാസക്തമായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും സുരക്ഷ ശക്തമാക്കി. നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഏഴ് ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്കി. ശ്രവസ്തി, ബല്‍റാംപുര്‍, ബഹ്റൈച്ച്, പിലിഭിത്ത്, ലഖിംപുര്‍ഖേരി, സിദ്ധാര്‍ഥനഗര്‍, മഹാരാജ്ഗഞ്ജ് എന്നീ ജില്ലകളില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിനും കര്‍ശന പട്രോളിങ്ങിനുമാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടില്ലെങ്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മേഖലയിലെ സുരക്ഷാച്ചുമതലയുള്ള എസ്എസ്ബി, സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറുന്നതിനെതിരേ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നേപ്പാളിലെ ഇന്ത്യൻ പൗരർ നിലവിലുള്ള സ്ഥലത്തുതന്നെ തുടരണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അടിയന്തരസാഹചര്യമുണ്ടായാൽ നേപ്പാളിലെ +977 – 980 860 2881, +977 – 981 032 6134 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. നേപ്പാളിലെ സാഹചര്യം വിലയിരുത്താൽ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സുരക്ഷാമന്ത്രിസഭയോഗം ചേർന്നിരുന്നു.