
കൽപറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രിയങ്കാ ഗാന്ധി മണ്ഡലത്തിൽ എത്തുക. വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയുടെ ഒപ്പം രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും.
രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ പങ്കെടുക്കും. തുടർന്ന് കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലും പ്രിയങ്ക ഗാന്ധി സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുക്കും. നാളെ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും, കല്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങും.
വയനാട് എംപിയായി വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. ഭരണഘടന ഉയർത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്നുള്ള ഏക വനിതാ ലോക്‌സഭാംഗമെന്ന വിശേഷണത്തോടെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.