

മുംബൈ: ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ആദ്യം ബൗളിങ്. ടോസ് നേടി ന്യൂസീലൻഡ് ക്യാപ്റ്റൻ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ മുഹമ്മദ് സിറാജ് ആദ്യ ഇലവനിൽ ഇടംനേടിയിട്ടുണ്ട്. ടീമിൽ മറ്റു മാറ്റങ്ങളില്ല.
ന്യൂസീലൻഡ് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. മിച്ച് സാന്റ്നെറും ടിം സൗത്തിയും ഇല്ല. പകരം മാറ്റ് ഹെന്റിയേയും ഇഷ് സോധിയും ടീമിലിടം നേടിയിട്ടുണ്ട്.
മൂന്നാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിനുമുന്നിൽ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. സ്വന്തം മണ്ണിൽ സമ്പൂർണ തോൽവി ഒഴിവാക്കുക, ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ സാധ്യത നിലനിർത്തുക എന്നതാണ്. പരമ്പര ഇതിനകം കിവീസ് നേടിയിട്ടുണ്ട് (20). 2000ത്തിലാണ് ഇന്ത്യ അവസാനമായി നാട്ടിൽ പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയത്. അന്ന് ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളിലും ഇന്ത്യയെ തോൽപ്പിച്ചിരുന്നു.