
കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കി. ദീപാവലിയോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കിയത്. ആനന്ദ് ഓഡിയോയുടെ യൂട്യൂബ് ചാനലിൽ കന്നഡ, മലയാളം ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ഗരുഡ ഗമന വൃഷഭ വാഹന, ടോബി, മലയാള ചിത്രം ടർബോ എന്നിവയിലൂടെ ജനപ്രിയനാണ് രാജ് ബി ഷെട്ടി.
കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ’45’ റിലീസിനൊരുങ്ങുന്നത്. പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അർജുൻ ജന്യയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അർജുൻ ജന്യ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജ് ബി ഷെട്ടിക്കൊപ്പം കന്നഡ സൂപ്പർതാരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ദേശീയ പുരസ്കാരം നേടിയ സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം രമേശ് റെഡ്ഡി നിർമ്മിക്കുന്ന ’45’ ഒരു ദൃശ്യാത്ഭുതമായാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ 40 ശതമാനത്തോളം ഹോളിവുഡ് വി എഫ്എക്സ് സ്റ്റുഡിയോയിൽ ആണ് തയ്യാറാവുന്നത്. പ്രാദേശിക പ്രതിഭകളുടെയും അന്താരാഷ്ട്ര വൈദഗ്ധ്യത്തിന്റെയും ഈ സംയോജനം ഒരു ഗംഭീര സിനിമ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. രാജ് ബി ഷെട്ടിയുടെ ലുക്കിനൊപ്പം ചിത്രത്തിന്റെ തീവ്രമായ കഥാസന്ദർഭത്തെക്കുറിച്ചുള്ള ആദ്യ കാഴ്ചയാണ് ഫസ്റ്റ് ലുക്ക് ടീസർ നൽകുന്നത്. പിആർഒ- ശബരി.