
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് തയ്യാറെടുത്ത് റിലയൻസ് ജിയോ. അടുത്ത വർഷം ഐപിഒ നടന്നേക്കുമെന്നാണ് റിപ്പോർട്ട്.
റിലയൻസ് ജിയോയുടെ വിപണി മൂല്യം ഏകദേശം 8.4 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ടെലികോം കമ്പനിയാണ് ജിയോ. ഏകദേശം 47.9 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്. ഇന്ത്യയിൽ ടെലിഫോൺ, ബ്രോഡ്ബാൻഡ് സേവനങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവ നൽകുന്ന ഏറ്റവും വലിയ കമ്പനിയാണ് റിലയൻസ് ജിയോ.
അടുത്ത 5 വർഷത്തിനുള്ളിൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയെയും റീട്ടെയിൽ കമ്പനിയെയും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതായി 2019 ലെ റിലയൻസ് ഇൻഡസ്ട്രീസിൻറെ വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. കെകെആർ, ജനറൽ അറ്റ്ലാൻറിക്, അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി തുടങ്ങിയ നിക്ഷേപകരിൽ നിന്ന് അംബാനി തൻറെ ഡിജിറ്റൽ, ടെലികോം, റീട്ടെയിൽ ബിസിനസുകൾക്കായി 25 ബില്യൺ ഡോളർ സമാഹരിച്ചതിന് പിന്നാലെയാണ് കമ്പനി ഐപിഒയ്ക്ക് ഒരുങ്ങുന്നത്.
ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇൻറർനെറ്റ് സേവനം ആരംഭിക്കുന്നതിനായി റിലയൻസ് ജിയോ ഇലോൺ മസ്കുമായി ചേർന്ന് പ്രവർത്തിക്കാനിരിക്കുകയാണ്. ഗൂഗിളും ജിയോയും എൻവിഡിയയും സഹകരിച്ച് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.