കേരള സൂപ്പർ ലീ​ഗ്; ഫൈനലിൽ ഏറ്റുമുട്ടാൻ ഫോഴ്‌സ കൊച്ചി എഫ്സിയും കാലിക്കറ്റ് എഫ്സിയും

കോഴിക്കോട്: മഹീന്ദ്ര സൂപ്പർ ലീഗ് കേരള പ്രഥമ ഫൈനലിൽ ഫോഴ്‌സ കൊച്ചി എഫ്സിയും കാലിക്കറ്റ് എഫ്സിയും ഏറ്റുമുട്ടും. കോഴിക്കോട് ഇംഎംഎസ് സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്‌സിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് കൊച്ചി അവസാന പോരാട്ടത്തിന് ടിക്കറ്റ് നേടിയത്.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. എന്നാൽ രണ്ടാംപകുതിയിൽ ബ്രസീലിയൻ താരം ഡോറിയൽട്ടൻ ഗോമസ് കളിയുടെ ഗതി നിർണയിക്കുന്ന രണ്ട് ഗോളുകൾ നേടിയതോടെ കണ്ണൂരിന് പുറത്തേക്കുള്ള ടിക്കറ്റ് ഉറച്ചു. ആദ്യ പതിനഞ്ച് മിനിറ്റിൽ വിരസമായ നീക്കങ്ങളായിരുന്നു ഇരുടീമുകളുടെയും ഭാഗത്ത് നിന്നുണ്ടായത്. ഗോളിലേക്ക് ആവേശം നിറക്കുന്ന ഒരു നീക്കങ്ങൾ പോലും ഇല്ലാതെ വന്നതോടെ ഫാൻസും നിരാശരായിരുന്നു. എന്നാൽ 16-ാം മിനിറ്റിൽ കളിയുടെ വിരസത മാറ്റിയ നീക്കമുണ്ടായി. കൊച്ചിയുടെ ഡോറിയൽട്ടൻ നൽകിയ പന്തിൽ നിജോ ഗിൽബർട്ടിന്റെ ഗോൾ ശ്രമം. പക്ഷേ ലക്ഷ്യത്തിൽ നിന്ന് അകന്ന് പന്ത് കണ്ണൂർ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്.

പിന്നാലെ ഗോളിനുള്ള ശ്രമം കണ്ണൂർ വാരിയേഴ്‌സും നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ കൊച്ചിയുടെ കമൽപ്രീത് സിംഗിന് മഞ്ഞക്കാർഡ് ലഭിച്ചു. ഇരുപത്തിമൂന്നാം മിനിറ്റിൽ നിജോയുടെ രണ്ടാമത്തെ ഗോളശ്രവും കണ്ടു. കണ്ണൂർ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ച പന്ത് കീപ്പർ അജ്മൽ കോർണർ വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. തൊട്ടുപിന്നാലെ 42-ാം മിനിറ്റിൽ കണ്ണൂരിന്റെ റിഷാദ് ഗഫൂറിന് മഞ്ഞക്കാർഡ്. ഒത്തിണക്കത്തോടെയുള്ള നീക്കങ്ങൾ ഇരുടീമുകളും നടത്താതെ വിരസമായാണ് ഒന്നാം പകുതി അവസാനിച്ചത്.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകിയില്ല, അൻപതാം മിനിറ്റിൽ കണ്ണൂരിന്റെ സെർഡിനേറോയെ ഫൗൾ ചെയ്തതിന് അജയ് അലക്സിന് മഞ്ഞക്കാർഡും കണ്ണൂരിന് അനുകൂലമായി ഫ്രീകിക്കും. എന്നാൽ ബോക്സിന് സമീപത്ത് നിന്നെടുത്ത കിക്ക് ലക്ഷ്യം കാണാതെ പോയി. അറുപത്തിരണ്ടാം മിനിറ്റിൽ അബിൻ, നജീബ്, ഹർഷൽ എന്നിവർ കണ്ണൂരിനായി പകരക്കാരായി എത്തി. കൊച്ചിയും ഒരു താരത്തെ പിൻവലിച്ചു. പകരം ബസന്ത സിംഗാണ് എത്തിയത്. ഒരു മാറ്റം നടത്തിയ കൊച്ചിയാണ് കളിയുടെ ഗതി മാറ്റിയത്. എഴുപത്തിമൂന്നാം മിനിറ്റിൽ കൊച്ചി ഗോൾ നേടി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് ഡോറിയൽട്ടൻ ഗോമസ് ബൈസിക്കിൾ കിക്കിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. സ്‌കോർ 1-0. ആറ് മിനിറ്റിന്റെ ഇടവേള മാത്രമായിരുന്നു കൊച്ചിയുടെ രണ്ടാംഗോളിലേക്ക് ഉണ്ടായിരുന്നത്. ഡോറിയൽട്ടൻ വീണ്ടും ഗോൾ നേടി. ഇടതു വിങ്ങിലൂടെ മുന്നേറിയെത്തി ഡോറിയൽട്ടൻ തൊടുത്ത ഗ്രൗണ്ടർ അജ്മലിന്റെ കൈകൾക്ക് ഇടയിലൂടെ പോസ്റ്റിൽ കയറി. സ്‌കോർ 2-0. ഇതോടെ കേരള സൂപ്പർ ലീഗിൽ ബ്രസീലിയൻ താരത്തിന് ഏഴ് ഗോളുകൾ സ്വന്തമായി. ഒപ്പം പ്രഥമ മഹിന്ദ്ര സൂപ്പർ ലീഗ് കേരള ഫൈനലിൽ ഫോഴ്‌സ കൊച്ചി എഫ്‌സി ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. പത്തിന് കോഴിക്കോട് ഇതേ സ്റ്റേഡിയത്തിൽ തന്നെയായിരിക്കും ഫൈനൽ.

Related Posts

കേരള ക്രിക്കറ്റ് ലീ​ഗ്; ചാമ്പ്യൻ പട്ടം സ്വന്തമാക്കി കൊച്ചി ബ്ലൂടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ചാമ്പ്യന്‍ പട്ടം കൊച്ചി ബ്ലൂടൈഗേഴ്സിന് സ്വന്തം. ടോസിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും, 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തെ കൊച്ചിയുടെ ബൗളിംഗ് നിര എറിഞ്ഞുവീഴ്ത്തി. സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കൊച്ചി, മുന്‍ ചാമ്പ്യന്മാരായ…

ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *