
വാഷിംഗ്ടൺ: പ്രചരണ മാനേജർ സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് സൂസി വൈൽസ്.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ സൂസി വൈൽസ് തന്നെ സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. സൂസി കർശക്കശക്കാരിയും മിടുക്കിയുമാണ്. ആഗോളതലത്തിൽ തന്നെ ആദരിപ്പെടുന്ന വ്യക്തിയാണ്. അമേരിക്കയെ കൂടുതൽ മഹത്തരമാക്കാൻ സൂസി അശ്രാന്ത പരിശ്രമം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിൻറെ ക്യാമ്പെയിൻ സംഘാടകയായുള്ള സൂസി വൈൽസിൻറെ പ്രവർത്തനങ്ങൾ പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായിരുന്നു. 2016ലും 2020ലും ട്രംപിൻറെ ഫ്ലോറിഡയിലെ പ്രചാരണത്തിന് നേതൃത്വം നൽകി. 2010ൽ ഫ്ലോറിഡ ഗവർണർ തെരഞ്ഞെടുപ്പിൽ റിക്ക് സ്കോട്ടിൻറെ കാമ്പെയിനും നേതൃത്വം നൽകി. മുൻ യൂട്ടാ ഗവർണർ ജോൺ ഹണ്ട്സ്മാൻറെ പ്രചാരണ മാനേജരായും സൂസി പ്രവർത്തിച്ചിട്ടുണ്ട്.