
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്പുർ സ്വദേശിയായ മുഹമ്മദ് ഫായീസ് ഖാൻ എന്ന അഭിഭാഷകനാണ് അറസ്റ്റിലായത്.
പഠാൻ, ജവാൻ എന്നീ സിനിമകളുടെ വിജയങ്ങൾക്ക് പിന്നാലെയായിരുന്നു ഷാരൂഖിനുനേരെ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് വധഭീഷണി ഉണ്ടായത്. പിന്നാലെ മുംബൈ പോലീസ് താരത്തിന് വൈ പ്ലസ് സുരക്ഷ ഒരുക്കിയിരുന്നു.
റായ്പൂരിലുള്ള വീട്ടിൽ നിന്നാണ് ഷാരൂഖിനെ ഇയാൾ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. ഫോൺ നമ്പർ ട്രേസ് ചെയ്ത പൊലീസ് ആദ്യമേ ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇയാൾ തയ്യാറായില്ല. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
അതേസമയം, സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആ സമയത്ത് തന്റെ ഫോൺ നഷ്ടപ്പെട്ട് പോയിരുന്നതായുമാണ് ഫായീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നവംബർ 2-ന് പോലീസിൽ പരാതി നൽകിയിരുന്നതായും ഇയാൾ പറയുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷൻ 308 (4), 351 (3) (4) എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
നവംബർ ഏഴിനാണ് ഷാരൂഖ് ഖാന് ഫോൺ കോളിലൂടെ ഭീഷണിയെത്തിയത്. 50 ലക്ഷം നൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി.