ആത്മകഥാ വിവാദം; ഇപി ജയരാജന്റെ പരാതിയിൽ അന്വേഷണം

തിരുവനന്തപുരം: ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ അന്വേഷണം. ഡി.ജി.പിക്കു നൽകിയ പരാതി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാണ് ഇ.പി. ജയരാജൻ ഇ-മെയിൽ വഴി ബുധനാഴ്ച നൽകിയ പരാതിയിൽ പറയുന്നത്.

വിവാദത്തിനു പിന്നാലെ കഴിഞ്ഞ ദിവസം തന്നെ ഇ.പി. ജയരാജൻ ഡിസി ബുക്ക്‌സിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. അഭിഭാഷകൻ കെ. വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്. ആത്മകഥ ആർക്ക് പ്രസിദ്ധീകരണത്തിനു നൽകണമെന്ന ആലോചനയ്ക്കിടെ, സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും തന്റെ കക്ഷിയെ തേജോവധംചെയ്യാനും ഉദ്ദേശിച്ചാണ് ഡി.സി. ബുക്‌സ് വിവരങ്ങൾ പ്രസിദ്ധീകരിച്ചതെന്ന് നോട്ടീസിൽ പറയുന്നു. ഡി.സി. ബുക്‌സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥാഭാഗങ്ങളും പിൻവലിച്ച് നിർവ്യാജം ഖേദപ്രകടനം നടത്തണമെന്നും ആവശ്യമുണ്ട്.

ഈ വിഷയത്തിൽ ഇനി വ്യക്തതവരുത്തേണ്ടത് ഡിസി ബുക്ക്‌സാണ്. ആത്മകഥാ വിവാദത്തിൽ വക്കീൽ നോട്ടീസ് ലഭിച്ചതിനാൽ അതിനുള്ള മറുപടി ഡിസി ബുക്ക്‌സിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. എല്ലാ വെള്ളിയാഴ്ചകളിലും ചേരുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇതു ചർച്ച ചെയ്തേക്കാം. ഇ.പിയും കൂടി പങ്കെടുക്കുന്ന യോഗമായതിനാൽ അതിൽ ഇതു സംബന്ധിച്ച വിശദീകരണം പാർട്ടി നേതൃത്വം ആവശ്യപ്പെട്ടേക്കാം.

എങ്കിലും വിശദീകരണം തൃപ്തികരമല്ലെങ്കിലും അദ്ദേഹത്തിനെതിരേ ഉടൻ നടപടി ഉണ്ടായേക്കില്ല. സംഘടനയുടെ സംവിധാനം അനുസരിച്ച് ഇപ്പോൾ പാർട്ടി സമ്മേളനകാലയളവാണ്. ഏരിയ സമ്മേളനങ്ങളാണ് ഇപ്പോൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ശേഷം ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനവും നടക്കും. അതിനു ശേഷം മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനും ശേഷമേ ഇ.പി. ജയരാജനെതിരേ നടപടി ഉണ്ടാകാനുള്ള സാധ്യതയുള്ളൂ. അതിനു മുമ്പ് വിശദീകരണം തേടി നടപടിയെടുക്കുന്ന പതിവ്‌ സംഘടനാ സംവിധാനത്തിനില്ല.

ഇ.പി. നേരത്തേ നൽകിയ വിശദീകരണം മുഖവിലയ്ക്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം വിഷയം പാർട്ടി പരിശോധിക്കുമെന്നാണ് സൂചന.

അതേസമയം, എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിനെക്കുറിച്ചുള്ള പരാമർശങ്ങളെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്കിടെ ഇ.പി. ജയരാജൻ പാലക്കാട്ടെത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പെട്ടെന്ന് തീരുമാനിച്ച പരിപാടിയെന്നാണ് വിവരം.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *