
റാഞ്ചി: ജെഎംഎം നേതാവ് ഹേമന്ത് സോറൻ ഇന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഹേമന്ത് സോറൻ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. വൈകുന്നേരം റാഞ്ചിയിലെ മോർഹബാദി മൈതാനത്തു നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവർ പങ്കെടുക്കും.
മറ്റ് മന്ത്രിമാരുടെയോ മന്ത്രിസഭയുടെയോ വിവരങ്ങൾ ഇനിയും തീരുമാനമായിട്ടില്ല. നാല് മന്ത്രിസ്ഥാനമാണ് കോൺഗ്രസ് മന്ത്രിസഭയിൽ ആവശ്യപ്പെട്ടത്. അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ഹേമന്ത് സോറന്റെ ഭാര്യ കൽപന മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നതിലും തീരുമാനമായില്ല.
ജെഎംഎം 6 മന്ത്രിസ്ഥാനവും ആർജെഡി ഒരു മന്ത്രിസ്ഥാനവും ഏറ്റെടുത്തേക്കും. സിപിഐ എംഎൽ ലിബറേഷൻ സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കും. ജാർഖണ്ഡിൽ 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റിലും ആർജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎൽ 2 സീറ്റിലാണു വിജയിച്ചത്.