സ്വന്തം മണ്ണിൽ വിജയക്കൊടി പാറിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്; ഇന്ന് എഫ് സി ഗോവയെ നേരിടും

കൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കൊച്ചിയിൽ വൈകിട്ട് 7.30നാണ് കളി തുടങ്ങുക. സ്പോർട്സ് 18 നെറ്റ്‌വർക്കിലും ജിയോ സിനിമയിലും മത്സരം കാണാനാകും. തുടർ തോൽവികൾ കുടഞ്ഞെറിഞ്ഞ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും സ്വന്തംകാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോൾ മുറിവുകൾ ഏറെ നൽകിയിട്ടുള്ള എഫ് സി ഗോവയ്ക്കെതിരെ ജയം മാത്രമാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.

ഒൻപത് കളിയിൽ 11 പോയൻറുള്ള ബ്ലാസ്റ്റേഴ്സ് ഒൻപതാമതും എട്ട് കളിയിൽ 12 പോയൻറുള്ള ഗോവ ആറാം സ്ഥാനത്തുമാണ്. ചെന്നൈയിനെതിരെ മൂന്ന് ഗോൾ നേടിയത് മാത്രമല്ല ആരാധകരെ സന്തോഷിപ്പിക്കുന്നത്. ആദ്യ പകുതിയിൽ ഗോൾവഴങ്ങുന്ന ശീലവും ബ്ലാസ്റ്റേഴ്സ് ഉപേക്ഷിച്ചു. ഒത്തിണക്കത്തോടെ പാസുകൾ നൽകി ആക്രമണം നയിച്ചു. പ്രതിരോധത്തിലെ വിളളലുകൾ അടച്ചു. ഹെസ്യൂസ് ഹിമെന,നോവ സദോയി എന്നിവർക്കൊപ്പം കെ പി രാഹുൽ ആദ്യമായി ഗോൾ പട്ടികയിൽ ഇടംപിടിച്ചു. ഗോൾവലയത്തിന് മുന്നിൽ സച്ചിൻ സുരേഷ് മികച്ച പ്രകടനവുമായി തിരിച്ചെത്തി.

അതേസമയം, സന്ദേശ് ജിംഗാൻ നയിക്കുന്ന ഗോവൻ കടമ്പ മറികടക്കുക ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പം ആയിരിക്കില്ല. നേർക്കുനേർവന്ന 20 കളിയിൽ പതിനൊന്നിലും ജയം ഗോവയ്ക്കൊപ്പം.ബ്ലാസ്റ്റേഴ്സ് ജയിച്ചത് അഞ്ച് കളിയിൽ മാത്രം. നാല് മത്സരം സമനിലയിലായി.

ചെന്നൈക്കെതിരെ പുറത്തെടുത്ത അതേ കളി തന്നെ ഗ്രൗണ്ടിൽ കാഴ്ചവെക്കാനാണ് ശ്രമിക്കുകയെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് മിഖായേൽ സ്റ്റാറെ പറഞ്ഞു. ഗോവ കരുത്തരാണെന്നും വിജയം എളുപ്പമാകില്ലെന്നും കോച്ച് മുന്നറിയിപ്പ് നൽകി. അവസാന രണ്ട് കളികളിൽ കരുത്തരായ ബെംഗളൂരു എഫ് സി, പഞ്ചാബ് എഫ് സി എന്നിവരെ തകർത്താണ് ഗോവ വരുന്നത്. പക്ഷെ അത് മൂന്നാഴ്ച മുമ്പായിരുന്നുവെന്നും എങ്കിലും കൊച്ചിയിലും വിജയത്തുടർച്ച തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവയുടെയും ഇന്ത്യൻ ടീമിൻറെയും പരിശീലകനായ കോച്ച് മനോലോ മാർക്വേസ് പറഞ്ഞു.

Related Posts

കേരള ക്രിക്കറ്റ് ലീ​ഗ്; ചാമ്പ്യൻ പട്ടം സ്വന്തമാക്കി കൊച്ചി ബ്ലൂടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ചാമ്പ്യന്‍ പട്ടം കൊച്ചി ബ്ലൂടൈഗേഴ്സിന് സ്വന്തം. ടോസിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും, 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തെ കൊച്ചിയുടെ ബൗളിംഗ് നിര എറിഞ്ഞുവീഴ്ത്തി. സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കൊച്ചി, മുന്‍ ചാമ്പ്യന്മാരായ…

ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *