
പ്യോംങ്യാംഗ്: യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ. ലോകരാജ്യങ്ങൾക്ക് ഒരു സംശയവും വേണ്ടെന്നും തങ്ങളുടെ പിന്തുണ റഷ്യക്ക് തന്നെയാണെന്നും കിം ജോംഗ് ഉൻ പറഞ്ഞു. പരമാധികാരം സംരക്ഷിക്കാനുള്ള റഷ്യൻ പോരാട്ടത്തിന് എല്ലാ സഹായവുമുണ്ടാകുമെന്നും കിം ജോംഗ് ഉൻ വ്യക്തമാക്കി. റഷ്യൻ പ്രതിരോധ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കിം ജോംഗ് ഉൻ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്.
അതേസമയം ആണവായുധ പരീക്ഷണത്തിനുള്ള നീക്കത്തിലാണ് റഷ്യ. ആണവായുധ പരീക്ഷണം വീണ്ടും നടത്തുമോയെന്ന ചോദ്യത്തോട് അതിനുള്ള സാധ്യത തള്ളാതെയുള്ള മറുപടിയാണ് റഷ്യൻ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി സെർജി യാബ്കോവ് നൽകിയത്. പരീക്ഷണം പുനരാരംഭിക്കുന്നത് പരിഗണനയിലുള്ള കാര്യമെന്നും സെർജി യാബ്കോവ് വിവരിച്ചു. 1990 ന് ശേഷം റഷ്യ ആണവായുധ പരീക്ഷണം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വീണ്ടുമൊരു ആണവായുധ പരീക്ഷണത്തിലേക്ക് റഷ്യ കടക്കുന്നുവെന്ന റിപ്പോർട്ടുകളെ അതീവ ശ്രദ്ധയോടെയാണ് ലോകം നോക്കിക്കാണുന്നത്.