ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 5 മരണം

ആലപ്പുഴ: കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച്‌ പേർ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിന്റെ മുൻസീറ്റിലിരുന്ന യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട്.

വൈറ്റിലയിൽ നിന്ന് കായംകുളത്തേക്ക് പോയ ബസും എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

എതിർദിശയിലെത്തിയ കാർ അമിതവേഗത്തിലെത്തി ബസ്സിലിടിക്കുകയായിരുന്നെന്ന് കെ.എസ്.ആർ.ടി.സി. അധികൃതരുടെ പ്രാഥമിക പരിശോധനാ റിപ്പോർട്ട്. അമിതവേഗതയിലെത്തിയ കാർ ബ്രേക്ക് ചെയ്തപ്പോൾ തെന്നി ബസിനുനേരേ വന്നു. ഇതുകണ്ട് ഡ്രൈവർ ഇടതുവശം ചേർത്ത് നിർത്തിയെങ്കിലും ബസിന്റെ മുൻവശത്ത് കാർ ഇടിച്ചുകയറുകയായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. കാറോടിച്ചയാളുടെ ശ്രദ്ധക്കുറവുമൂലമാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

തിങ്കളാഴ്ച രാത്രി ഒൻപതിന് കനത്ത മഴയുള്ളപ്പോഴാണ് അപകടം. മെഡിക്കൽ കോളേജിലെ 11 വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. ആലപ്പുഴയിൽ സിനിമ കാണാൻ പോകുകയായിരുന്നു ഇവർ.

ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ആശുപത്രിയിലെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകാൻ നിർദേശം നൽകി.

പരിക്കേറ്റവർ: പുതുക്കുറിച്ചി മരിയനാട് ഷൈൻ ലാൻഡിൽ ഡെന്റ്സൺ പോസ്റ്റിന്റെ മകൻ ഷൈൻ ഡെന്റ്സൺ (19), എടത്വാ സ്വദേശി കൊച്ചുമോൻ ജോർജിന്റെ മകൻ ആൽവിൻ ജോർജ് (19), ചേർത്തല മണപ്പുറം മണപ്പുറത്ത് വീട്ടിൽ എം.കെ. ഉത്തമന്റെ മകൻ കൃഷ്ണദേവ് (19), എറണാകുളം കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തിൽ ആർ. ഹരിദാസിന്റെ മകൻ ഗൗരീശങ്കർ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തിൽ മുഹമ്മദ് കുഞ്ഞിൻറെ മകൻ മുഹസ്സിൻ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാർത്തിക വീട്ടിൽ കെ.എസ്. മനുവിന്റെ മകൻ ആനന്ദ് മനു (19). ഇതിൽ ഗൗരീശങ്കറിന്റെ നില ഗുരുതരമാണ്.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *