
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറി വീണ്ടും 57000ന് മുകളിൽ എത്തി. ഇന്ന് പവന് 320 രൂപ വർധിച്ചതോടെയാണ് 57,000ന് മുകളിൽ എത്തിയത്. 57,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 7130 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വർണവിലയിൽ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഏറിയും കുറഞ്ഞും നിന്ന സ്വർണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വർധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് തിരിച്ചുകയറിയത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.