
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു ആർ പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.
മുൻ എംഎൽഎ യുആർ പ്രദീപ് ചേലക്കര എംഎൽഎയായും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎയുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. യു ആർ പ്രദീപ് സഗൗരവവും രാഹുൽ മാങ്കൂട്ടത്തിൽ ദൈവ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സ്പീക്കർ എഎൻ ഷംസീർ സത്യവാചകം ചൊല്ലികൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാഹുലിന്റേയും പ്രദീപിന്റേയും കുടുംബവും ചടങ്ങിൽ പങ്കെടുത്തു. യു ആർ പ്രദീപ് രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്. 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 64,259 വോട്ടുകളാണ് യു ആർ പ്രദീപിന് ലഭിച്ചത്. 2016 ലായിരുന്നു ആദ്യ വിജയം.
രാഹുലിന്റേത് കന്നി അങ്കമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുലിൻറെ വിജയം.18724 വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ മൂന്നാമതാണ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുൽ മുന്നേറിയത്.
ചേലക്കരയിൽ എംഎൽഎ കെ രാധാകൃഷ്ണനും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.