തേക്കടി ബോട്ടപകടം; 15 വർഷത്തിന് ശേഷം കേസിന്റെ വിചാരണ നാളെ ആരംഭിക്കും

തൊടുപുഴ: തേക്കടി ജലകന്യക ബോട്ടപകടം നടന്ന് 15 വർഷത്തിന് ശേഷം കേസിന്റെ വിചാരണ നാളെ ആരംഭിക്കും. വ്യാഴാഴ്ച തൊടുപുഴ ഫോർത്ത് അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 2009 സെപ്റ്റംബർ 30-നാണ് കെ.ടി.ഡി.സി.യുടെ ജലകന്യക എന്നുപേരുള്ള ഇരുനില ബോട്ട് മറിഞ്ഞ് 45 വിനോദസഞ്ചാരികൾ മരിച്ചത്. സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ വൈകിയതിനാലാണ് കുറ്റപത്രം സമർപ്പിച്ച് അഞ്ചുവർഷമായിട്ടും കേസിൽ വിചാരണ ആരംഭിക്കാത്തത്.

ദുരന്തമുണ്ടായ 2009-ൽ തന്നെ സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി ഹൈക്കോടതി അഭിഭാഷകനെ നിയമിച്ചിരുന്നു. എന്നാൽ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറും 2021-ൽ രാജിവെച്ചു. പകരം പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ അന്ന് കേസ് പരിഗണിച്ച തൊടുപുഴ ഫാസ്റ്റ്ട്രാക്ക് കോടതി രൂക്ഷവിമർശനമുന്നയിച്ചു. തുടർന്നാണ് 2022-ൽ അഡ്വ. ഇ.എ. റഹീമിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.

രണ്ട് കുറ്റപത്രങ്ങളാണ് 2019-ൽ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. അപകടത്തിൽ നേരിട്ടുബന്ധമുള്ളവർക്ക് എതിരേയുള്ളതായിരുന്നു ആദ്യ കുറ്റപത്രം (എ-ചാർജ്). ബോട്ട് ഡ്രൈവർ, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ, ടിക്കറ്റ് നൽകിയവർ എന്നിവർ ഉൾപ്പെടെ ഏഴുപേരാണ് ആദ്യകുറ്റപത്രത്തിലുള്ളത്. ബോട്ട് നിർമിച്ചയാൾ, തകരാറുള്ള ബോട്ട് വാങ്ങിയ കെ.ടി.ഡി.സി. ഉദ്യോഗസ്ഥൻ, ഫിറ്റ്നസില്ലാത്ത ബോട്ട് പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരേയാണ് രണ്ടാം കുറ്റപത്രം.

കേസിൽ 309 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. ദുരന്തമുണ്ടായതിന് പിന്നാലെ സർക്കാർ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. റിട്ട. ജസ്റ്റിസ് മൊയ്തീൻകുഞ്ഞിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കി സർക്കാരിന് 256 പേജുള്ള റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. റഹീമാണ് ഹാജരാകുന്നത്.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *