
മുംബൈ: മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകുന്നേരം നാലിന് നാഗ്പൂരിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. 30 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. 15 പേർ ബിജെപിയിൽ നിന്നും 12 പേർ ശിവസേനയിൽ നിന്നും 7 പേർ എൻസിപിയിൽ നിന്നും സത്യപ്രതിജ്ഞ ചെയ്യും.
ഫഡ്നാവിസ് മന്ത്രിസഭയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ഉൾപ്പടെ ആകെ 43 മന്ത്രിമാരുണ്ടാകും. 10 മന്ത്രിസ്ഥാനം സംബന്ധിച്ച് പിന്നീട് തീരുമാനം ഉണ്ടായേക്കും. മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് മുൻപായി നാഗ്പൂരിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ റോഡ്ഷോയും നടക്കും.
തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണത്തിൽ കാര്യമായ പുരോഗതിയുണ്ടാകാതിരുന്നത് ഭരണപക്ഷത്തിന് പ്രയാസമുണ്ടാക്കിയിരുന്നു.
മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഷിൻഡെ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയതാണ് മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ വൈകാനുള്ള കാരണങ്ങളിലൊന്ന്. മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ ഫഡ്നാവിസും അജിത് പവാറും ഡൽഹിയിലേക്ക് പോയപ്പോഴും ഷിൻഡെ വിട്ടുനിന്നിരുന്നു.