
ന്യൂഡൽഹി: തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസായിരുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.
1951-ൽ മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്നാം വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി പ്രകടമാക്കി. തബലയില്‍ പഞ്ചാബ് ഖരാനയില്‍ അച്ഛൻ അല്ലാ രഖായുടെ പാത പിന്തുടർന്ന സാക്കിർ ഏഴാം വയസ്സിൽ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം. പന്ത്രണ്ടാം വയസ്സിൽ ബോംബെ പ്രസ് ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു.
പന്ത്രണ്ടാം വയസ്സിൽ പട്നയിൽ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്പില്, മഹാനായ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ഷഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന് എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിർ ഹുസൈന് 1970ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന് രവി ശങ്കറിനൊപ്പം പതിനെട്ടാം വയസ്സിൽ കച്ചേരി അവതരിപ്പിച്ചു.
വാഷിങ്ടൻ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19–ാം വയസ്സിൽ അസി.പ്രഫസർ ആയി. മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കു സംഗീതം നൽകി. നാലു തവണ ഗ്രാമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1988ൽ പത്മശ്രീ ബഹുമതി ലഭിച്ചു. 2002 പത്മഭൂഷണും 2023ൽ പത്മവിഭൂഷണും ലഭിച്ചു.
പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.