അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ അശ്വിൻ

ബ്രിസ്‌ബെയ്ൻ: ഇന്ത്യയുടെ സ്പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്‌ബെയ്‌നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ്. അനിൽ കുംബ്ലെയാണ് ഒന്നാമത്.

13 വർഷത്തെ കരിയറിൽ 106 ടെസ്റ്റുകളാണ് അശ്വിൻ കളിച്ചത്. അഡ്‌ലെയ്ഡിൽ നടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനം കളിച്ചത്. 537 വിക്കറ്റുകളാണ് നേടിയത്. ടെസ്റ്റിൽ 37 തവണ അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ ഷെയ്ൻ വേണിനൊപ്പമെത്തി. 67 തവണ അഞ്ചുവിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ മാത്രമാണ് ഇരുവർക്കും മുന്നിലുള്ളത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഇടംകൈയന്മാരെ പുറത്താക്കിയ റെക്കോഡ് അശ്വിനാണ്-268.

മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ് അദ്ദേഹം. ടെസ്റ്റിൽ ആറ് സെഞ്ചുറികളും 14 അർധ സെഞ്ചുറികളും ഉൾപ്പെടെ 3503 റൺസാണ് സമ്പാദ്യം. 2011 നവംബർ ആറിന് ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് അശ്വിന്റെ ടെസ്റ്റ് അരങ്ങേറ്റം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 41 മത്സരങ്ങൾ കളിച്ചപ്പോൾ 195 വിക്കറ്റുകളും നേടി. ഇത് റെക്കോഡാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി 100 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നതും അശ്വിൻ തന്നെ. 116 ഏകദിനങ്ങളും 65 ടി20-കളും കളിച്ചു. ഏകദിനത്തിൽ 156 പേരെയും ടി20യിൽ 72 പേരെയും പുറത്താക്കി.

ബ്രിസ്‌ബെയ്‌നിൽ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം മഴമൂലം തടസ്സപ്പെട്ട അവസരത്തിൽ അശ്വിനും കോലിയും ഒരുമിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. കോലി അശ്വിനെ കെട്ടിപ്പിടിക്കുന്നതും കാണാമായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീമിലും 2011, 2013 വർഷങ്ങളിലെ ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിലും അശ്വിനുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആകെ 765 വിക്കറ്റുകളാണ് നേടിയത്. 956 വിക്കറ്റുകൾ നേടിയ അനിൽ കുംബ്ലെ മാത്രമാണ് ഇന്ത്യക്കാരിൽ മുന്നിലുള്ളത്. ലോകതലത്തിൽ പതിനൊന്നാമതാണ്.

2015-ൽ ഇന്ത്യ അർജുന അവാർഡ് നൽകി ആദരിച്ചു. 2016-ൽ ഐ.സി.സി.യുടെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റർ, പുരുഷ ടെസ്റ്റ് ക്രിക്കറ്റർ അവാർഡുകളും അശ്വിനെത്തേടിയെത്തി. 2011 മുതൽ 2020 വരെയുള്ള ദശാബ്ദത്തിലെ ഐ.സി.സി. തിരഞ്ഞെടുത്ത ടെസ്റ്റ് ടീമിലും അശ്വിനുണ്ടായിരുന്നു.

Related Posts

കേരള ക്രിക്കറ്റ് ലീ​ഗ്; ചാമ്പ്യൻ പട്ടം സ്വന്തമാക്കി കൊച്ചി ബ്ലൂടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ചാമ്പ്യന്‍ പട്ടം കൊച്ചി ബ്ലൂടൈഗേഴ്സിന് സ്വന്തം. ടോസിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും, 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തെ കൊച്ചിയുടെ ബൗളിംഗ് നിര എറിഞ്ഞുവീഴ്ത്തി. സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കൊച്ചി, മുന്‍ ചാമ്പ്യന്മാരായ…

ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *