
ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലുകള്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപിയുടെ പി.പി.ചൗധരിയാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും ബിജെപി എംപി അനുരാഗ് ഠാക്കൂറും ഉള്‍പ്പടെ 31 പേരാണ് സമിതിയിലുള്ളത്. ലോക്‌സഭയില്‍നിന്ന് 21 എംപിമാരും പത്ത് രാജ്യസഭാ എംപിമാരുമാകും സമിതിയിലുണ്ടാകുക.
അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നതിനാണ് ബില്ലുകള്‍. കഴിഞ്ഞ ദിവസം നിയമമന്ത്രി ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ബില്‍ ജെപിസിക്ക് വിടണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.