പാർലമെൻ്റിലെ സംഘർഷം; രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുത്തു

  • india
  • December 20, 2024

ന്യൂഡൽഹി: പാർലമെന്റിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ബി.ആർ. അംബേദ്കറുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തമന്ത്രി അമിതാ ഷാ നടത്തിയ വിവാദ പരാമർശത്തിൽ അപലപിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധത്തിനിടെ രണ്ട് എം.പി.മാരെ പരിക്കേൽപ്പിച്ചു എന്ന ബി.ജെ.പി. നേതാക്കളുടെ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ ഒഡിഷയിൽ നിന്നുള്ള എം.പി. പ്രതാപ് സാരംഗി, ഉത്തർപ്രദേശിൽ നിന്നുള്ള മുകേഷ് രാജ്പുത് എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും രാംമനോഹർ ലോഹിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി പിടിച്ചുതള്ളിയെന്നും അങ്ങനെ വീണാണ് ഇരുവർക്കും പരിക്കേറ്റത് എന്നുമാണ് ബിജെപിയുടെ ആരോപണം. ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ എം.പി, ബാൻസുരി സ്വരാജ്, ഹേമങ്ക് ജോഷി എന്നിവർ ചേർന്നാണ് രാഹുലിനെതിരെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിതയിലെ 117, 115, 125, 131 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നേരത്തെ, രാഹുൽ ഗാന്ധി ഗുണ്ടയെപ്പോലെ പെരുമാറിയെന്നാരോപിച്ച് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തിയിരുന്നു. പാർലമെന്റ് വളപ്പിലെ സംഘർഷങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം വാർത്താസമ്മേളനം നടത്തി ഇരുപാർട്ടി നേതാക്കളും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, ബിജെപി എംപിമാർ തള്ളിയതിനെത്തുടർന്ന് തനിക്കും പരിക്കേറ്റെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു. അംബേദ്കറെ കുറിച്ചുള്ള പരാമർശത്തിൽനിന്നും അദാനി വിഷയത്തിൽ നിന്നും ആളുകളുടെ ശ്രദ്ധതിരിക്കുന്നതിനാണ് ബിജെപി ഇത്തരത്തിലുള്ള സംഘർഷം സൃഷ്ടിച്ചതെന്നും രാഹുൽ ആരോപിച്ചിരുന്നു.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *