
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിൽ എത്തും. ഇന്നും നാളെയുമായി നീണ്ടുനിൽക്കുന്ന രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി കുവൈറ്റിൽ എത്തുന്നത്. കുവൈത്ത് അമീർ, ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടേ കുവൈറ്റ് ഭരണ നേതൃത്വവുമായി പ്രധാനമന്ത്രി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.
43 വർഷത്തിന് ശേഷം ഇത് ആദ്യമായാണ്, ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ , രാജ്യത്തു ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ പ്രവാസി സമൂഹവും, കുവൈറ്റ് സമൂഹവും ഒരുങ്ങി കഴിഞ്ഞു.
പ്രതിരോധം, വ്യാപാരം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യയും കുവൈറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ ലേബർ ക്യാമ്പുകൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. അതോടൊപ്പം ഗൾഫ് കപ്പ് ഫുട്‌ബോൾ ടൂർണമെൻറിൻറെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. കുവൈറ്റ് കിരീടാവകാശി ഒരുക്കുന്ന പ്രത്യേക വിരുന്ന് സൽക്കാരത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.