ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രതിഷേധം; 6 തവണ സ്വയം ചാട്ടവാറടി, 48 ദിവസം വ്രതം ആരംഭിച്ച് അണ്ണാമലൈ

  • india
  • December 27, 2024

ചെന്നൈ: അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് സംസ്ഥാന ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയാണ് സ്റ്റാലിൻ സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. രാവിലെ 10 ന് വീട്ടുമുറ്റത്ത് സ്വയം ചാട്ടവാറടിച്ചുക്കൊണ്ട് പ്രതിഷേധം ആരംഭിച്ചു. കൂടാതെ 48 ദിവസം നീണ്ടുനിൽക്കുന്ന വ്രതവും അണ്ണാമലൈ ആരംഭിച്ചു. ഡിഎംകെ സർക്കാരിനെ താഴെയിറക്കും വരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും കെ അണ്ണാമലൈ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇന്ന് രാവിലെയാണ് സ്വന്തം വീടിന് മുന്നിൽ അണ്ണമലൈ പ്രതിഷേധം ആരംഭിച്ചത്. വീടിന് പുറത്തേക്ക് വന്ന അദ്ദേഹം ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്തേക്ക് ആറ് തവണ അടിക്കുകയായിരുന്നു. ശേഷം സർക്കാരിനെ വിമർഷിച്ച് സംസാരിക്കുകയും ചെയ്തു.

അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തന്റെ വീടിന് മുന്നിൽ ആറ് തവണ ചാട്ടവാറടി നടത്തുമെന്ന് അണ്ണാമലൈ കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കൾക്കുമൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങളും അണ്ണാമലൈ പുറത്തുവിട്ടു.‌

കേസിലെ ഇരയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ചു.പെൺകുട്ടിയുടെ സ്വകാര്യത ലംഘിച്ചതായും അവരെ മോശമായി ചിത്രീകരിക്കുന്നതാണ് എഫ്ഐആറെന്നും ആരോപിച്ചു. വിവാദമായതോടെ ഓൺലൈനിൽനിന്ന് എഫ്ഐആർ പൊലീസ് നീക്കി. സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അണ്ണാമലൈ അറിയിച്ചു.

കേസിൽ അറസ്റ്റിലായ പ്രതി ജ്ഞാനശേഖർ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് അണ്ണാമലെ എക്സിൽ കുറിച്ചു. ‘ഷെയിം ഓൺ യു സ്റ്റാലിൻ’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഡിഎംകെയുടെ വിദ്യാർഥി വിഭാഗത്തിന്റെ സെയ്ദായി ഈസ്റ്റ് ഡെപ്യൂട്ടി ഓർഗനൈസറാണ് ജ്ഞാനശേഖറെന്നും അണ്ണാമലൈ ആരോപിച്ചു. പതിനഞ്ചോളം ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെട്ട ഒരാളെ ഇത്രയും ദിവസമായി ഒരു നടപടിയും എടുക്കാതെ വിട്ടതു കൊണ്ടാണ്, നിരപരാധിയായ വിദ്യാർഥിനിക്ക് ഈ ക്രൂരത നേരിടേണ്ടി വന്നതെന്നും അണ്ണാമലെ ആരോപിച്ചിരുന്നു.

എന്നാൽ, പ്രതി ഡിഎംകെ പ്രവർത്തകനാണെന്ന പ്രതിപക്ഷ ആരോപണം പാർട്ടി തള്ളി. ജ്ഞാനശേഖർ ഡിഎംകെ വിദ്യാർഥി വിഭാഗം ഡപ്യൂട്ടി ഓർഗനൈസറെന്നു രേഖപ്പെടുത്തിയ ക്ഷണക്കത്തുകൾ അണ്ണാ ഡിഎംകെ പുറത്തുവിട്ടു. എന്നാൽ ഇയാൾക്കു പാർട്ടിയുടെ പ്രാഥമികാംഗത്വം പോലുമില്ലെന്നും പൊതുപരിപാടിക്കിടെ നേതാക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നത് പതിവാണെന്നും നിയമ മന്ത്രി എസ്.രഘുപതി പറഞ്ഞു. വിഷയത്തിൽ അണ്ണാ‍ഡിഎംകെയും ബിജെപിയും ഇന്നലെ നഗരത്തിൽ പ്രതിഷേധിച്ചു. അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് അണ്ണാഡിഎംകെ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തമിഴിസൈ സൗന്ദരരാജൻ അടക്കമുള്ള ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *