തെലുങ്ക് സിനിമയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈ​ദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ വിവാദങ്ങളുടെയും കേസുകളുടെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുങ്ക് സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ പുതിയ സമിതി പ്രഖ്യാപിച്ചിരിക്കുന്നത്. അഭിനേതാക്കൾ, സംവിധായകർ, നിർമാതാക്കൾ എന്നിവരടങ്ങുന്ന സിനിമാ മേഖലയിലെ പ്രവർത്തകർ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു സ‌ർക്കാർ സമിതി രൂപീകരിച്ചത്.

സിനിമാ മേഖലയിലുള്ളവർ തങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. സിനിമാ മേഖലയിലെ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ ആരംഭിച്ചു. തെലുങ്ക് സിനിമാ വ്യവസായത്തിന്റെ സുസ്ഥിരമായ വികസനം ഉറപ്പാക്കാനും അവർക്ക് ഒരു പുതിയ ബ്രാൻഡ് ഐഡന്റിറ്റി സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. സർക്കാരും സിനിമാമേഖലയും തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രശസ്ത ചലച്ചിത്ര നിർമാതാവ് ദിൽ രാജുവിനെ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (എഫ്ഡിസി) ചെയർമാനായി നിയമിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സിനിമാ രംഗത്തും ഒരു കമ്മിറ്റി വരും. ഇവരുമായി ചേർന്നായിരിക്കും മന്ത്രിസഭാ ഉപസമിതിയുടെ പ്രവർത്തനം.

സംസ്ഥാനത്ത് ഇക്കോ ടൂറിസവും ടെമ്പിൾ ടൂറിസവും പ്രോത്സാഹിപ്പിക്കണമെന്ന് സിനിമാ മേഖലയിലുള്ളവരോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ബോളിവുഡിനെയും ഹോളിവുഡിനെയും ഹൈദരാബാദിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികളും മുഖ്യമന്ത്രി വെളിപ്പെടുത്തി. ആഗോള ചലച്ചിത്ര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന കോൺഫറൻസുകൾ സംഘടിപ്പിക്കാനുള്ള പദ്ധതികൾ നടന്നുവരികയാണ്. സിനിമാ വ്യവസായത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *