
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമിയിൽ കേരളത്തിന് തകർപ്പൻ ജയം. ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ മണിപ്പൂരിനെ 5-1 സ്കോറിൽ തോൽപ്പിച്ചാണ് കേരളം ആധികാരിക വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഒത്തിണക്കമുള്ള കളി കാഴ്ച്ചവെച്ച കേരളം മണിപ്പൂരിനെ വരച്ച വരയിൽ നിർത്തി. മുഹമ്മദ് റോഷൽ ഹാട്രിക് നേടിയ മത്സരത്തിൽ നസീബ് റഹ്മാൻ, അജ്സൽ എന്നിവരും ഗോളുകൾ കണ്ടെത്തി. ആദ്യപകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് മണിപ്പുർ ഒരു ഗോൾ തിരിച്ചടിച്ചത്. നാളെ നടക്കുന്ന ഫൈനലിൽ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ.