വയനാട് പുനരധിവാസം; നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ബാധിതരെ പുനരധിവസിപ്പിക്കാൻ കല്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.50 ഹെക്ടറും കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിൽ 48.96 ഹെക്ടറും ഭൂമി ഏറ്റെടുക്കും. രണ്ടു ടൗൺഷിപ്പായാണ് നിർമാണം. ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്.

ഭൂമിവില വ്യത്യാസമുള്ളതിനാൽ എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിന് അഞ്ചുസെന്റും നെടുമ്പാലയിൽ 10 സെന്റും നൽകും. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചായിരിക്കും പുനരധിവാസപദ്ധതി പൂർത്തിയാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ദുരന്തമേഖലയിലുണ്ടായിരുന്നവരും ജോൺ മത്തായി സമിതി ഇനി താമസിക്കാനാകില്ലെന്ന് അടയാളപ്പെടുത്തിയ മേഖലയിലെ കുടുംബങ്ങളെയുമാണ് പുനരധിവസിപ്പിക്കുക. ടൗൺഷിപ്പിനുപുറത്ത് താമസിക്കാനാഗ്രഹിക്കുന്ന ദുരന്തബാധിതർക്ക് അതിനായി 15 ലക്ഷം രൂപ നൽകും. ഇതേ തുക കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയിലെ അഞ്ച് ട്രൈബൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും അനുവദിക്കും.

ടൗൺഷിപ്പ് നിർമാണം എൻജിനിയറിങ് പ്രൊക്വർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇ.പി.സി) പ്രകാരം അംഗീകരിക്കും. തൊഴിലുടമയുടെ പ്രതിനിധിയായി കിഫ്ബിയുടെ അനുബന്ധസ്ഥാപനമായ കിഫ്കോണിനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനർനിർമാണസമിതിക്കായിരിക്കും നേതൃത്വം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപനസമിതിയും കളക്ടറുടെ നേതൃത്വത്തിലുള്ള പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുമുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷനേതാവും പ്രധാന സ്‌പോൺസർമാരും മന്ത്രിമാരും ഉൾപ്പെടുന്ന ഉപദേശകസമിതി രൂപവത്കരിക്കും.

പുനരധിവാസത്തിനായി സ്‌പോൺസർഷിപ്പ് പ്രകാരം ലഭിക്കുന്ന തുകയുടെ വിനിയോഗത്തിന് പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കും. സി.എം.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്., സ്‌പോൺസർഷിപ്പ്, സി.എസ്.ആർ. ഫണ്ട്, പി.ഡി.എൻ.എ. റിപ്പോർട്ട് അടിസ്ഥാനത്തിൽ ലഭ്യമാകുന്ന കേന്ദ്രസഹായം എന്നിവ പ്രയോജനപ്പെടുത്തും.

വൈദ്യുതി, കുടിവെള്ള, ശുചിത്വസംവിധാനം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, ആരോഗ്യകേന്ദ്രം, മാർക്കറ്റ്, വിനോദസൗകര്യം എന്നിവ ടൗൺഷിപ്പിലുണ്ടാകും.

ടൗൺഷിപ്പിന്റെ ഉടമസ്ഥാവകാശം ദുരന്തബാധിതർക്കായിരിക്കും. എന്നാൽ, കൈമാറ്റത്തിന് പ്രത്യേക മാനദണ്ഡങ്ങളുണ്ടാകും. പുനരധിവാസത്തിനുശേഷവും ദുരന്തബാധിതമേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവർക്കുതന്നെയായിരിക്കും.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *