
മുംബൈ: ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൻറെ യു.പി.ഐ സേവനങ്ങൾ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ നാഷണൽ പേയ്‌മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ ഉത്തരവ്. വാട്‌സ്ആപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധിയാണ് ഇതിലൂടെ ഒഴിവാക്കിയത്. മുമ്പ് വാട്‌സ്ആപ്പ് പേക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ പരിമിതി ഉണ്ടായിരുന്നു. 2020ൽ വാട്‌സ്ആപ്പ് പേയിൽ പത്ത് ലക്ഷം ഉപയോക്തൃ പരിധിയാണ് ഏർപ്പെടുത്തിയിരുന്നത്. അത് 2022ഓടെ 10 കോടി ആയി ഉയർത്തുകയായിരുന്നു. ഈ പരിധിയാണ് ഇപ്പോൾ പൂർണമായും ഒഴിവാക്കിയിരിക്കുന്നത്.
എന്നാൽ പുതിയ തീരുമാനത്തോടെ രാജ്യത്തെ 50 കോടിയിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് യു.പി.ഐ സേവനം നൽകാൻ വാട്ട്‌സ്ആപ്പ് പേക്ക് കഴിയും. എൻ.പി.സി.ഐ വാട്ട്‌സ്ആപ്പ് പേയുടെ പ്രവർത്തനം നിരീക്ഷിക്കുകയും യു.പി.ഐ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് പരിധി ഒഴിവാക്കിയത്. പേയ്മെന്റുകൾക്കായി വാട്ട്സ്ആപ്പ് ഒറ്റക്കൊരു ആപ്പ് പുറത്തിറക്കിയിട്ടില്ല, നിലവിൽ ആപ്പിൽ തന്നെ പേയ്മെന്റുകൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള ഫീച്ചറാണ് ഇപ്പോൾ ലഭ്യം.
ഈ പുതിയ നീക്കം ഇന്ത്യയിലെ യു.പി.ഐ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധന വരുത്തുമെന്നാണ് വിലയിരുത്തലുകൾ. നിലവിൽ പണമിടപാടുകളിൽ ആധിപത്യം പുലർത്തുന്ന ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ യു.പി.ഐ പ്ലാറ്റ്ഫോമുകൾക്ക് വാട്സ്ആപ്പ് വെല്ലുവിളി ഉയർത്തും.