ബോർഡർ ഗാവസ്കർ പരമ്പര; സിഡ്നിയിൽ ഇന്ത്യ 185 റൺസിന് പുറത്ത്

സിഡ്നി: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 185 റണ്‍സിന് പുറത്ത്. 72.2 ഓവറുകള്‍ നീണ്ട ഇന്ത്യന്‍ ഇന്നിങ്‌സില്‍ 98 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍.

നാലു വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ടും മൂന്നു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സ് 185 റണ്‍സില്‍ ഒതുക്കിയത്.

കളിതുടങ്ങി അഞ്ചാം ഓവറില്‍ തന്നെ രാഹുലിനെ (4) മടക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയെ ഞെട്ടിച്ചു. സ്‌കോര്‍ 17-ല്‍ നില്‍ക്കേ ജയ്സ്വാളും (10) മടങ്ങി. പിന്നാലെ ക്രീസില്‍ ഒന്നിച്ച ഗില്ലും വിരാട് കോലിയും നിലയുറപ്പിച്ച് മുന്നോട്ടുപോകുന്നതിനിടെ നേഥന്‍ ലയണിനെ കൊണ്ടുവന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഈ കൂട്ടുകെട്ട് പൊളിച്ചു. 64 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയടക്കം 20 റണ്‍സെടുത്ത ഗില്ലിന് ലയണിനെതിരേ ഷോട്ട് സെലക്ഷന്‍ പിഴയ്ക്കുകയായിരുന്നു. ഗില്‍ പുറത്തായതിനു പിന്നാലെ അമ്പയര്‍മാര്‍ ഉച്ചഭക്ഷണത്തിനു പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

രണ്ടാം സെഷനില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് കോലിയേയും നഷ്ടമായി. 21 പന്തുകള്‍ കൂടി നേരിട്ട് 69 പന്തില്‍ നിന്ന് 17 റണ്‍സുമായി പതിവുപോലെ ഓഫ്സ്റ്റമ്പിനു പുറത്തേക്ക് പോയ പന്തിന്റെ ഗതിയറിയാതെ ബാറ്റ് വെച്ചാണ് കോലി മടങ്ങിയത്.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ജഡേജ – പന്ത് സഖ്യം നിലയുറപ്പിച്ച 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തുമെന്ന് തോന്നിച്ചിരുന്നു. പക്ഷേ ബോളണ്ടിന്റെ ഷോര്‍ട്ട് ബോള്‍ കളിക്കാനുള്ള പന്തിന്റെ നീക്കം പാളി. ടൈംമിങ് തെറ്റിയ പുള്‍ ഷോട്ട് കമ്മിന്‍സിന്റെ കൈയില്‍. 98 പന്തുകള്‍ ക്ഷമയോടെ ക്രീസില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 40 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ഇന്ത്യയുടെ വിശ്വസ്തന്‍ നിതീഷിനെയും (0) വീഴ്ത്തിയ ബോളണ്ട് കാര്യങ്ങള്‍ ഇന്ത്യയ്ക്ക് കടുപ്പമാക്കി.

വൈകാതെ ജഡേജയുടെ പ്രതിരോധം സ്റ്റാര്‍ക്ക് പൊളിച്ചു. 95 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 26 റണ്‍സെടുത്തായിരുന്നു ജഡേജയുടെ മടക്കം. അവസാന പ്രതീക്ഷയായിരുന്ന സുന്ദറിനും കൂടുതല്‍ നേരം പിടിച്ചുനില്‍ക്കാനായില്ല. 30 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. പത്താമനായി ഇറങ്ങി 17 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറുമടക്കം 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബുംറയാണ് ഇന്ത്യന്‍ സ്‌കോര്‍ 185-ല്‍ എത്തിച്ചത്.

നേരത്തേ ടോസ് നേടിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് സിഡ്നിയില്‍ ഇന്ത്യ കളിക്കുന്നത്. അഞ്ചാം ടെസ്റ്റില്‍ നിന്ന് സ്വയം പിന്മാറിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പരിക്കേറ്റ ആകാശ് ദീപിനും പകരം ശുഭ്മാന്‍ ഗില്ലും പ്രസിദ്ധ് കൃഷ്ണയും ടീമിലെത്തി.

രോഹിത് ശര്‍മ മാറിനില്‍ക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നെന്നും ടീമിന്റെ ഐക്യമാണ് അതു കാണിക്കുന്നതെന്നും ബുംറ ടോസിനിടെ വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ സിഡ്‌നി ടെസ്റ്റിലെ വിജയം ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്. മത്സരത്തില്‍ പരാജയപ്പെട്ടാന്‍ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കാണാതെ പുറത്താകും. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ നിലവില്‍ ഓസ്‌ട്രേലിയ (2-1) മുന്നിലാണ്. സിഡ്‌നി ടെസ്റ്റില്‍ ഓസീസിനെ പരാജയപ്പെടുത്തി, പരമ്പര സമനിലയിലാക്കാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശ പോരിലേക്കുള്ള പ്രതീക്ഷ നിലനിര്‍ത്തുകയുമാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.

Related Posts

കേരള ക്രിക്കറ്റ് ലീ​ഗ്; ചാമ്പ്യൻ പട്ടം സ്വന്തമാക്കി കൊച്ചി ബ്ലൂടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ചാമ്പ്യന്‍ പട്ടം കൊച്ചി ബ്ലൂടൈഗേഴ്സിന് സ്വന്തം. ടോസിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും, 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തെ കൊച്ചിയുടെ ബൗളിംഗ് നിര എറിഞ്ഞുവീഴ്ത്തി. സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കൊച്ചി, മുന്‍ ചാമ്പ്യന്മാരായ…

ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *