തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി ഡൽഹി; വോട്ടെടുപ്പ് ഫെബ്രുവരി 5ന്, വോട്ടെണ്ണൽ ഫെബ്രുവരി 8ന്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് അടുത്ത് രാജ്യതലസ്ഥാനം. ഫെബ്രുവരി 5 ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാറാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത്.

ഒരൊറ്റഘട്ടമായാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജനുവരി 18-ന് സൂക്ഷ്മപരിശോധന. ജനുവരി 20 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉത്തര്‍പ്രദേശിലെ മില്‍ക്കിപൂര്‍, തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും.

ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതില്‍ 12 എണ്ണം സംവരണസീറ്റുകളാണ്. ആകെ 13,033 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലും ക്യാമറസംവിധാനമുണ്ടാകും. 70 ബൂത്തുകള്‍ പൂര്‍ണമായും വനിത ഉദ്യോഗസ്ഥരായിരിക്കും കൈകാര്യംചെയ്യുക. 2.08 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

2020-ല്‍ 70-ല്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തിലെത്തിയത്. ബി.ജെ.പി.യ്ക്ക് എട്ടുസീറ്റുകള്‍ ലഭിച്ചു.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി നല്‍കി. തിരഞ്ഞെടുപ്പുകളെല്ലാം സുതാര്യമാണെന്നും ഇ.വി.എം. അട്ടിമറി ആരോപണങ്ങള്‍ കോടതി തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.വി.എമ്മില്‍ ക്രമക്കേട് നടത്താനാകില്ല. ഓരോഘട്ടത്തിലും സൂക്ഷ്മപരിശോധന നടത്താറുണ്ട്. ഇ.വി.എം. കമ്മിഷനിങ് മുതല്‍ വോട്ടെണ്ണല്‍ വരെ ഓരോഘട്ടത്തിലും ഇത് സ്ഥാനാര്‍ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരെയും ബോധ്യപ്പെടുത്താറുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യംചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. എന്നാല്‍, അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ശരിയല്ല. വോട്ടര്‍മാരെല്ലാം നല്ല ധാരണയുള്ളവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വന്ന ഫലങ്ങള്‍ വ്യത്യസ്തമാണ്. 2020 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികളാണ് വലിയകക്ഷികളായി തിരഞ്ഞെടുക്കപ്പെട്ടതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ഏഴാം ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാൻ ശ്രമിക്കുകയാണ് എഎപി (ആം ആദ്മി പാർട്ടി). ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിനിന്നു മത്സരിച്ച കോൺഗ്രസും എഎപിയും ഇത്തവണ നേർക്കുനേർ പോരാടുകയാണ്. എങ്ങനെയും ഭരണം പിടിക്കാനുള്ള നീക്കമാണു ബിജെപിയുടേത്.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *