ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; വീണ്ടും വൈദ്യ പരിശോധന നടത്തി

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി അദ്ദേഹത്തെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പുലർച്ചെ അഞ്ചുമണിയോടെയാണ് ബോബി ചെമ്മണ്ണൂരിനെ രണ്ടാമതും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചത്. അതേസമയം താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴി ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് വീണ്ടും പറഞ്ഞു. എന്നാൽ സാമൂഹിക മാധ്യമങ്ങളിലടക്കം ഇതിന് തെളിവുകളുണ്ടല്ലോ എന്ന മറുചോദ്യത്തിന് അദ്ദേഹത്തിന് മറുപടി ഇല്ലായിരുന്നു.

വൈദ്യപരിശോധനയ്ക്ക് ശേഷം ബോബി ചെമ്മണ്ണൂരിനെ തിരികെ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. വ്യാഴാഴ്ച രാവിലെ ഏതുസമയത്ത് വേണമെങ്കിലും പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കഴിയുന്ന തരത്തിലാണ് പോലീസ് നടപടികൾ നീക്കുന്നത്‌. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ബോബി ചെമ്മണ്ണൂർ ഇന്ന് തന്നെ കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. അദ്ദേഹത്തിനായി അഡ്വ. ബി. രാമൻപിള്ളയാണ് ഹാജരാകുക. നടിയെ ആക്രമിച്ച കേസിൽ ദിലീപിനായി ഹാജരായതും അഡ്വ. രാമൻ പിള്ളയായിരുന്നു.

ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ബുധനാഴ്ച വൈകീട്ട് എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ ചോദ്യംചെയ്തത്.

ബോബി ചെമ്മണ്ണൂരിന്റെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം. അതിനിടെ, കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകീട്ട് കോടതിയിലെത്തി രഹസ്യമൊഴി നൽകിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നൽകിയത്.

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് നടപടിയിൽ ഹണി റോസ് നന്ദി അറിയിച്ചിരുന്നു. കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *