വയനാട് ​​ദുരന്തം; അതിർത്തി നിർണയം പൂർത്തിയായി

മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പ്രദേശത്തെ അതിർത്തി നിർണയം പൂർത്തിയായി. ഗോ, നോ ഗോ സോൺ മേഖലയിൽ രണ്ടു ദിവസങ്ങളിലായി നടന്ന അതിർത്തി നിർണയമാണ് പൂർത്തിയായത്. സർക്കാർ നിശ്ചയിച്ച വിദഗ്ധ സമിതി ചെയർമാൻ ജോൺ മത്തായിയുടെ നേതൃത്വത്തിലാണ് അതിർത്തി നിർണയം നടത്തിയത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലായി 123 സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തലിന്റെ ഭാഗമായി സർവെ കല്ലിട്ടത്. കല്ല് പറിച്ചുമാറ്റിയാലും കണ്ടെത്താൻ കഴിയും വിധത്തിൽ ജിയോ കോഡിനേറ്റ് ഉൾപ്പെടുത്തിയാണ് തത്സമയം കല്ലുകൾ സ്ഥാപിച്ചത്.

ജനുവരി ഏഴിന് ആരംഭിച്ച അടയാളപ്പെടുത്തലിൽ വെള്ളരിമല വില്ലേജ് ഓഫിസിനു സമീപത്തു നിന്നും ഡാം സൈറ്റ് വരെയും തിരിച്ച് ചൂരൽമല ടൗൺ, ഹൈസ്‌കൂൾ റോഡ്, ഏലമല പുഴ വരെയും 39 കല്ലുകളാണ് സ്ഥാപിച്ചത്. രണ്ടാം ദിനത്തിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം വനമേഖലയിൽനിന്നും രണ്ടു ടീമുകളായി തിരിഞ്ഞ് 81 സ്ഥലങ്ങളിലും അതിർത്തി നിർണയം പൂർത്തിയാക്കിയത്.

ഉരുൾ അവശിഷ്ടങ്ങൾ അടിഞ്ഞ് കൂടിയ ഭാഗത്ത് നിന്നും വരും കാലത്ത് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ ഉണ്ടാവുകയാണെങ്കിൽ അതിന്റെ ആഘാതം എത്രത്തോളമെത്തും എന്നതിന്റെ അടയാളപ്പെടുത്തലാണ് നടത്തിയത്. വിദഗ്ധ സമിതി മാർക്ക് ചെയ്ത സ്ഥലങ്ങൾ അടിസ്ഥാനമാക്കി നിലവിൽ പ്രസിദ്ധീകരിച്ച കരട് ഗുണഭോക്തൃ ലിസ്റ്റിനോടൊപ്പം പുതിയതായി എ, ബി ലിസ്റ്റുകൾ കൂടി മാനന്തവാടി സബ് കലക്ടർ തയാറാക്കും. പുനരധിവാസ ടൗൺഷിപ്പിനായുള്ള ഗുണഭോക്തൃ പട്ടിക സബ് കലക്ടർ തയാറാക്കി ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കും.

ദുരന്തം നേരിട്ട് ബാധിച്ചവർ, ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ എന്നിവരെയാണ് ഒന്നാംഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവർക്ക് പുറമെ ആദ്യ പട്ടികയിൽ ഉൾപ്പെടാത്തതും വിദഗ്ധ സമിതി പോകാൻ പറ്റാത്തതായി അടയാളപ്പെടുത്തിയ പ്രദേശത്തുള്ളവരെയും കൂടി പരിഗണിച്ച് എ ലിസ്റ്റ് തയാറാക്കും. പോകാൻ പറ്റുന്ന സ്ഥലങ്ങളെന്ന് അടയാളപ്പെടുത്തുകയും എന്നാൽ പോകാൻ പറ്റാത്ത മേഖലയിലൂടെ മാത്രം വഴിയുള്ളതുമായ ഒറ്റപ്പെട്ട കുടുംബങ്ങളെ ബി ലിസ്റ്റിലേക്ക് പരിഗണിച്ച് പട്ടിക തയാറാക്കി ജനുവരി 22 നകം പ്രസിദ്ധീകരിക്കും. ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ആക്ഷേപങ്ങളും പരാതികളും അറിയിക്കാം. ടൗൺഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടിക ഫെബ്രുവരി 12 ഓടെ പൂർത്തിയാവും.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *